തിരുവനന്തപുരം: എൻഎസ്എസിന്റെ നാമജപ യാത്രയ്ക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയ ബിജെപി പ്രവർത്തകർക്കെതിരെ കേസ്. നിയമവിരുദ്ധമായി പ്രകടനം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. ഐ.പി.സി 143, 147, 149, 283, കെ.പി ആക്ട് 39 r/w 121 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് ആണ് കേസിലെ ഒന്നാം പ്രതി. സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീറും പ്രതിയാണ്. കണ്ടാലറിയാവുന്ന 100 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്.
സ്പീക്കർ എ എൻ ഷംസീറിന്റെ ഗണപതി പരാമർശത്തിനെതിരെയാണ് ബുധനാഴ്ച വൈകിട്ട് പാളയം മുതൽ പഴവങ്ങാടിവരെ എൻഎസ്എസ് നാമജപ ഘോഷയാത്ര നടത്തിയത്. കൻേറാൺമെൻറ് പൊലീസാണ് ഇതിനെതിരെയും കേസെടുത്തത്. ഘോഷയാത്രയിൽ പങ്കെടുത്ത ആയിരത്തോളം പേർക്കെതിരെയാണ് കേസ്.
പൊലീസ് നിർദ്ദേശം ലംഘിച്ചാണ് ഘോഷയാത്ര നടത്തിയിരിക്കുന്നതെന്നാണ് എഫ്ഐആറിൽ പറയുന്നത്. എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ഗതാഗത തടസം സൃഷ്ടിച്ചു, അനുമതിയില്ലാതെ ഘോഷയാത്ര നടത്തി, തുടങ്ങിയവയാണ് ചുമത്തിയിരിക്കുന്ന കുറ്റം.
കേസെടുത്തതിൽ പ്രതികരിച്ച് എൻഎ്എസ് വൈസ് പ്രസിഡൻ്റ് സംഗീത് കുമാർ രംഗത്തെത്തിയിരുന്നു. ജാഥ നടത്തുമെന്ന് അറിയിച്ചുകൊണ്ട് കൻ്റോൺമെന്റ് സ്റ്റേഷൻ, ഫോർട്ട് പൊലീസ് സ്റ്റേഷൻ, ഡിജിപി എന്നിവർക്ക് മെയിൽ അയച്ചിരുന്നുവെന്ന് സംഗീത് പറഞ്ഞു. ജാഥ നടത്തേണ്ടെന്ന് ആരും പറഞ്ഞില്ല. ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നില്ല. എത്ര പേർ ഉണ്ടാകുമെന്ന് സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് ചോദിച്ചിരുന്നു. അതിനുള്ള മറുപടിയും നൽകിയിരുന്നുവെന്ന് സംഗീത് വ്യക്തമാക്കി. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഇത് നിയമത്തിന്റെ വഴിയിലൂടെ തന്നെ നേരിടുമെന്നും കേസിലെ ഒന്നാം പ്രതിയായ സംഗീത് കുമാർ പറഞ്ഞു.