ഹരിയാനയിൽ സംഘർഷം തുടരുന്നു. നൂഹിൽ ആരാധനാലയങ്ങൾക്ക് നേരെ ആക്രമണം.സമാധാനം പുനസ്ഥാപിക്കാനുള്ള തിരക്കിട്ട ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും 159 പേർ അറസ്റ്റിൽ ആയെന്നും സർക്കാർ അറിയിച്ചു. ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം എന്നും ഖട്ടാർ സർക്കാർ രാജി വചൊഴിയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അവസാനിച്ചെന്ന് സർക്കാർ അവകാശപ്പെടുന്നതിനിടെയാണ് ഇന്നലെ രാത്രി നൂഹിൽ 2 ആരാധനാലയങ്ങൾക്ക് നേരെ പെട്രോൾ ബോംബ് എറിഞ്ഞത്. നേരത്തെ ഉണ്ടായ സംഘർഷത്തിനിടെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അഞ്ജലി ജെയ്നും മകളും രക്ഷപ്പെട്ടത് തലനാരിഴക്കാണെന്ന് നൂഹ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത എഫ്.ഐ.ആറിൽ പറയുന്നു.അക്രമങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കി. നിലവിലുള്ള 20 കമ്പനിക്ക് പുറമേ നാല് കമ്പനി സേനയെ കൂടി നൽകണമെന്ന് കേന്ദ്രത്തോട് സർക്കാർ ആവശ്യപ്പെട്ടു.