തിരുവനന്തപുരം: ഗണപതി മിത്തല്ല! യാത്ര തുടങ്ങും മുൻപേ ഗണപതി വിഗ്രഹത്തിനൊപ്പം ചിത്രം. മിത്ത് വിവാദത്തിനിടയിൽ സിപിഐ ജില്ലാ സെക്രട്ടറിയുടെ പോസ്റ്റ ഇടതുമുന്നണിയിൽ വിവാദത്തിന് തീകൊളുത്തി. മിത്ത് വിവാദത്തിൽ സിപിഐയിൽ ചർച്ചയായി പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്പീക്കർ എഎൻ ഷംസീറിന്റെ ഗണപതി പരാമർശത്തിൽ സിപിഎമ്മിനെതിരെ വിശ്വാസികളുടെ വ്യാപകമായ വിമർശനം ഉയരുന്നതിനിടെയാണ് ജില്ലാ സെക്രട്ടറി എപി ജയന്റെ കുറിപ്പ് ചർച്ചയായത്.
ഒരു യാത്രയുടെ തുടക്കം എന്ന അടിക്കുറിപ്പോടെയാണ് ജില്ലാ സെക്രട്ടറിയുടെ പോസ്റ്റ്. ഷംസീറിന്റെ പരാമർശത്തിൽ അവിശ്വാസികളെന്ന് സ്വയം മുദ്രകുത്തുന്ന ഇടതുമുന്നണിയിലെ വിശ്വാസികൾക്കിടയിലും മുറുമുറുപ്പുകൾ രൂക്ഷമായിരുന്നു. മിത്ത് വിവാദത്തിൽ ഹൈന്ദവസമൂഹം ഒന്നാകെ ഇടതുപക്ഷത്തിനെതിരെ തിരിഞ്ഞതോടെയാണ് എപി ജയൻ ഗണപതി വിഗ്രഹങ്ങൾക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചത് മുന്നണിയിൽ പുതിയ ചർച്ചാവിഷയമാകുന്നത്.
മിത്ത് വാദത്തിൽ സ്പീക്കർക്ക് പൂർണ്ണ പിന്തുണയാണ് സിപിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടയിലാണ് എപി ജയൻ വ്യക്തതയില്ലാതെ ഗണപതി വിഗ്രഹങ്ങൾക്കൊപ്പമുളള സ്വന്തം ചിത്രം പങ്കുവച്ചത്. അതേസമയം, പോസ്റ്റിനടിയിൽ രൂക്ഷവിമർശനവുമായി സൈബർ സഖാക്കൾ രംഗത്തെത്തി. ‘നീയൊരു സഖാവാണ്… പോസ്റ്റ് ഡിലീറ്റ് ചെയ്യുക. മിത്തുകളുടെ പുറകെ നടക്കാൻ അല്ല. ഇല്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്തുപോയി മറ്റുപാർട്ടിയിൽ ചേരുക ..ലാൽ സലാം’ എന്നിങ്ങനെ നീളുന്നു കമന്റുകൾ.