തിരുവനന്തപുരം : മുൻ ബിജെപി വക്താവ് സന്ദീപ് വാരിയർ, മുതിർന്ന നേതാവ് പി.ആര്‍. ശിവശങ്കർ എന്നിവരെ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ വീണ്ടും ഉൾപ്പെടുത്തി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ഇരുവരെയും തിരികെ കൊണ്ടുവരാൻ ബിജെപി തീരുമാനിച്ചത്. പാലക്കാട് ജില്ലയിൽ നിന്നുള്ള സന്ദീപ് വാരിയർ, എറണാകുളം ജില്ലയിൽ നിന്നുള്ള പി.ആർ.ശിവശങ്കർ എന്നിവരെ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതായി പാർട്ടി വക്താവ് ജോർജ് കുര്യനാണ് വാർത്താക്കുറിപ്പിൽ അറിയിച്ചത്.
2022 ഒക്ടോബറിലാണ് സന്ദീപ് വാരിയരെ സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് നീക്കിയത്. തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളും വിദേശത്തുവച്ച് പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തു തുടങ്ങിയ ആരോപണങ്ങൾ സന്ദീപ് വാരിയർക്കെതിരെ ഉയർന്നതിനു പിന്നാലെയാണ് പാർട്ടി വക്താവ് സ്ഥാനത്തുനിന്ന് നീക്കിയത്. സന്ദീപിനെതിരായ നടപടി സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ പോലും മുൻകൂട്ടി അറിഞ്ഞില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു.