കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇന്‍ജക്ഷൻ എടുത്തതിന് പിന്നാലെ രോഗികൾക്ക് അസ്വസ്ഥത. മൂന്ന് കുട്ടികളെ തിരുവനന്തപുരം എസ്ഐടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് കുട്ടികളെ പുനലൂർ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ഇൻഫക്ഷന്റെ കാരണം വ്യക്തമല്ലെന്ന് താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചു.
രോഗികളുടെ നില തൃപ്തികരമാണ് എന്നാണ് സൂചന. മുൻകരുതൽ എന്ന നിലയ്ക്ക് സ്വകാര്യ ആശുപത്രിയിൽ നിന്നും ആംബുലൻസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ തിരുവനന്തപുരം ജില്ലയിൽ നിന്നും ആംബുലൻസ് സൗകര്യം ഒരുക്കാൻ നിർദേശം നൽകിയതായും അധികൃതർ അറിയിച്ചു.
ഇൻഫക്ഷന് പിന്നിലെ കാരണം എന്തെന്നതിൽ വ്യക്തത വന്നിട്ടില്ല. മരുന്നിൽ നിന്നാണോ ഡിസ്റ്റിൽഡ് വാട്ടറിൽ നിന്നാണോ അലർജിയുണ്ടായത് എന്ന് കണ്ടത്തേണ്ടതുണ്ട്. ശുദ്ധീകരിച്ച് വരുന്ന വെള്ളത്തിന്റെ ഒരു പ്രത്യേക ബാച്ച് ഉപയോഗിച്ചപ്പോഴാണ് അലർജിയുണ്ടായത് എന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. അതിന്മേലുള്ള പരിശോധനകൾ നടക്കും.