തേനി: തമിഴ്നാട്ടിലെ തേനിക്ക് സമീപം ഉത്തമപാളയത്ത് ആന്തരിക അവയവങ്ങളുടെ മാംസവുമായി മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്ക് ഇത് കൈമാറിയ പത്തനംതിട്ട സ്വദേശിയും പിടിയിലായി. ഉത്തമപാളയത്തു വച്ച് സംശയാസ്പദമായ സാഹചര്യത്തിൽ ഒരു വാഹനം പോലീസ് പരിശോധിച്ചു. ഇതിനുള്ളിൽ ഒരു പെട്ടിയിൽ ഹൃദയം, കരൾ തുടങ്ങിയ അവയവങ്ങളുടെ ഭാഗം കണ്ടെത്തി.
വാനഹത്തിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ അലക്സ് പാണ്ഡ്യൻ, ഡേവിഡ് പ്രതാപ് സിംഗ്, മുരുകൻ എന്നിവരെ കസ്റ്റഡിയിലെടുത്തു. പൂജയ്ക്ക് ശേഷമെത്തിച്ച മനുഷ്യന്റെ അവയവ ഭാഗങ്ങളാണെന്നും വീട്ടിൽ വച്ചാൽ സമ്പത്ത് കൈവരുമെന്നും പറഞ്ഞ് പത്തനംതിട്ട സ്വദേശിയാണിത് കൈമാറിയതെന്നാണ് വാഹനത്തിനുണ്ടായിരുന്നവർ പൊലീസിനോട് പറഞ്ഞത്.
വണ്ടിപ്പെരിയാറിൽ വച്ചാണിത് കൈമാറിയത്. തുടർന്ന് പത്തനംതിട്ട പുളിക്കീഴ് പൊലീസിന്റെ സഹായത്തോടെ ചെല്പപ്പൻ എന്നയാളെ കസ്റ്റഡിയിലെടുത്തു. മാംസ ഭാഗങ്ങൾ മനുഷ്യന്റേതാണോ അതോ മറ്റേതെങ്കിലും മൃഗങ്ങളുടേതാണോയെന്ന് സ്ഥിരീകരിക്കാൻ പരിശോധനക്ക് അയച്ചിരിക്കുകയാണ്. സംഭവം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താൻ നാലുപേരെയും ഉത്തമപാളയം പോലീസ് ചോദ്യം ചെയ്തു വരികയാണ്.