മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് എംപി കെ സുധാകരന്‍. കേസില്‍ പ്രതിസ്ഥാനത്തുള്ളത് പൊലീസുകാരായാതിനാല്‍ മറ്റൊരു പൊലീസ് ഏജന്‍സി അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ലെന്ന് സുധാകരന്‍ പറഞ്ഞു.
പിണറായി ഭരണത്തില്‍ പൊലീസ് സ്റ്റേഷനുകള്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളായി മാറിയെന്നും സുധാകരന്‍ വിമര്‍ശിച്ചു. താനൂര്‍ കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
സംഭവത്തില്‍ പൊലീസിന്റെ വാദം പൊളിയുകയാണ്. താമിര്‍ ജിഫ്രിയെ കസ്റ്റഡിയിലെടുത്തത് താനൂരില്‍ നിന്നാണെന്നായിരുന്നു പൊലീസിന്റെ വാദം. എന്നാല്‍ ചേളാരി ആലുങ്ങളിലെ വാടകമുറിയില്‍ നിന്നാണ് താമിറിനെ കസ്റ്റഡിയിലെടുത്തതെന്ന് കെട്ടിട ഉടമ സൈനുദ്ദീന്‍ റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞിരുന്നു.
താമിറും അദ്ദേഹത്തിന്റെ സ്നേഹിതനുമാണ് വാടക മുറി ആവശ്യപ്പെട്ട് സമീപിച്ചത്. ചേളാരിയിലെ ഒരു കടയിലാണ് ജോലി ചെയ്യുന്നതെന്നും പറഞ്ഞു. പിന്നീട് തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങി 5,000 രൂപ വാടകയില്‍ മുറി നല്‍കുകയായിരുന്നു. എല്ലാമാസവും വാടക കൃത്യമായിരുന്നു. അദ്ദേഹം എങ്ങനെയാണ് മരിച്ചതെന്ന് അറിയില്ല. ഞായറാഴ്ച്ച അദ്ദേഹം ഇവിടെയുണ്ടായിരുന്നു. ചൊവ്വാഴ്ച്ച ഒരു കാര്‍ വന്ന് താമിറിനെ കൊണ്ടുപോയെന്നാണ് അറിഞ്ഞത്. അത് കഴിഞ്ഞ് പത്ത് മിനിറ്റിന് ശേഷം അദ്ദേഹം മരിച്ചതായി ചാനലില്‍ വാര്‍ത്ത കാണുകയായിരുന്നു. താമിര്‍ ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.’ കെട്ടിട ഉടമ റിപ്പോര്‍ട്ടര്‍ ടി വിയോട് വിശദീകരിച്ചു. ഡാന്‍സാഫിന് കീഴിലുള്ള പ്രത്യേക സംഘമാണ് താമിറിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. താനൂര്‍ ദേവദാര്‍ പാലത്തിന് താഴെ നിന്നാണ് സംഘത്തെ കസ്റ്റഡിയിലെടുത്തിട്ടുള്ളതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. എന്നാല്‍ ഇതിനെ തള്ളുന്ന പ്രതികരണമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
താമിറിനെ ചേളാരിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു. ചേളാരിയില്‍ നിന്ന് പിടിച്ച കേസ് താനൂരില്‍ എത്തിയതെങ്ങനെയെന്നാണ് കുടുംബം ചോദിക്കുന്നത്. സംഭവത്തില്‍ പൊലീസ് നടപടിയിലെ ദുരൂഹത നേരത്തേയും പുറത്ത് വന്നിരുന്നു.
ലഹരി മരുന്ന് കേസില്‍ താമിര്‍ ജിഫ്രിയെ പ്രതി ചേര്‍ത്തത് മരണ ശേഷമെന്നാണ് വ്യക്തമാകുന്നത്. താമിര്‍ ജിഫ്രി കുഴഞ്ഞു വീണത് 4.25 നെന്നാണ് പൊലീസ് എഫ്ഐആര്‍ പറയുന്നത്. ആശുപത്രിയില്‍ എത്തും മുമ്പ് മരിച്ചെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കുന്നു. എന്നാല്‍ ലഹരി കേസില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് 7.03 നാണ്. പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന എഫ്ഐആര്‍ പകര്‍പ്പുകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു.
1.45 ന് സ്റ്റേഷനില്‍ പ്രതികളെ എത്തിച്ചെന്ന് പൊലീസ് മേധാവി പറയുമ്പോള്‍ സ്റ്റേഷനില്‍ എത്തിയത് 2.45 ന് എന്നാണ് എഫ്ഐആറിലുള്ളത്. കസ്റ്റഡി മരണത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
സസ്‌പെന്‍ഡ് ചെയ്തവരില്‍ ഡാന്‍സാഫ് സ്‌ക്വാഡ് ഉദ്യോഗസ്ഥരുമുണ്ട്. എസ്പിക്ക് കീഴിലുള്ള പ്രത്യേക സംഘമാണ് ഡാന്‍സാഫ്. എന്നാല്‍ ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്ക് കേസുമായുള്ള ബന്ധം പൊലീസ് എഫ്ഐആറില്‍ ഇല്ല.