തിരുവനന്തപുരം: സംസ്ഥാനത്തെ അക്ഷയ സെന്ററുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ഓപ്പറേഷന്‍ ഇ സേവ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് കണ്ടെത്തല്‍.സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായി ചില അക്ഷയ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് കണ്ടെത്തല്‍. സര്‍ക്കാര്‍ അനുവദിച്ചതിന്റെ പതിന്മടങ്ങ് സേവന ഫീസ് ചില അക്ഷയ സെന്ററുകള്‍ ഈടാക്കുന്നതായും വാങ്ങുന്ന ഫീസിന് കംപ്യൂട്ടര്‍ നിര്‍മിത രസീത് നല്‍കണമെന്ന ഉത്തരവ് പാലിക്കാത്തതും കണ്ടെത്തി.
ക്യാഷ് ബുക്ക് എഴുതി സൂക്ഷിക്കണമെന്ന ഉത്തരവും പാലിക്കപ്പെടുന്നില്ല. പലയിടത്തും പരാതി രജിസ്റ്റര്‍ പോലുമില്ല. സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഭൗതികസാഹചര്യങ്ങളും കംപ്യൂട്ടര്‍ ഉപകരണങ്ങളും പലയിടത്തും ഇല്ല. ക്രമക്കേടുകള്‍ക്ക് ജില്ലാ അക്ഷയ സെന്റര്‍ ഉദ്യോഗസ്ഥര്‍ കൂട്ടു നില്‍ക്കുന്നതായും കണ്ടെത്തി. വിജിലന്‍സ് ഡയറക്ടര്‍ ടി കെ വിനോദ് കുമാര്‍, ഐജി ഹര്‍ഷിത അട്ടല്ലൂരി, എസ്പി ഇ എസ് ബിജുമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന പരിശോധനയില്‍ സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് യൂണിറ്റുകളും പങ്കെടുക്കുന്നുണ്ട്.