ഇസ്‍ലാമാബാദ് : അഴിമതിക്കേസിൽ അറസ്റ്റിലായതിനു പിന്നാലെ, പാർട്ടി പ്രവർത്തകർ സമാധാനം കൈവെടിയരുതെന്ന് ആവശ്യപ്പെട്ടുള്ള പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സന്ദേശം പുറത്ത്. അറസ്റ്റിലാവുന്നതിനു മുൻപ് റെക്കോർഡ് ചെയ്ത സന്ദേശമാണിത്. സമൂഹമാധ്യമങ്ങളിലാണു വിഡിയോ സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘‘ഈ അറസ്റ്റ് ഞാൻ പ്രതീക്ഷിച്ചിരുന്നു. എന്റെ പാർട്ടി പ്രവർത്തകർ കരുത്തോടെ സമാധാനത്തിൽ തുടരണം’’– ഇമ്രാൻ ഖാൻ വിഡിയോ സന്ദേശത്തിൽ പറയുന്നു. തോഷഖാന അഴിമതിക്കേകേസിൽ ലഹോറിലെ വസതിയിൽനിന്നാണ് ഇമ്രാൻ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തത്.
മൂന്നു വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയുമാണു ഇമ്രാനുള്ള ശിക്ഷ. അഞ്ചു വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്കുണ്ട്. പ്രധാനമന്ത്രി പദം ദുരുപയോഗം ചെയ്തു എന്നതാണ് ഇമ്രാൻ ഖാനെതിരായ കുറ്റം. പാക്കിസ്ഥാൻ കോടതിയുടെതാണ് വിധി. മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ഇമ്രാൻ ഖാൻ അറിയിച്ചു.
2018 മുതൽ 2022 വരെയുള്ള കാലയളവിൽ പാക്കിസ്ഥാൻ സന്ദർശിച്ച അതിഥികളിൽ നിന്നും, പ്രധാനമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക വിദേശ സന്ദർശനങ്ങളിൽ ആതിഥേയരിൽ നിന്നുമായി 6,35000 ഡോളർ വിലമതിക്കുന്ന പാരിതോഷികങ്ങൾ വാങ്ങുകയും മറിച്ചു വിൽക്കുകയും ചെയ്തുവെന്നാണ് ഇമ്രാൻ ഖാനെതിരെയുള്ള കുറ്റം. പാക്കിസ്ഥാനിൽ വരുന്ന നവംബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇതോടെ ഇമ്രാൻ ഖാന് മത്സരിക്കാനാകില്ല.