കോഴിക്കോട്: ഉമ്മൻചാണ്ടിക്ക് ജനമനസ്സുകളിൽ സ്വീകാര്യത എങ്ങനെ ഉണ്ടായെന്നതു പഠനവിഷയമെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള. ഉമ്മൻചാണ്ടിയെ വേട്ടയാടിയപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബം അനുഭവിച്ച കഷ്ടതകൾക്ക് ആര് നഷ്ടപരിഹാരം നൽകുമെന്നും ശ്രീധരൻപിള്ള ചോദിച്ചു. നീന ബാലൻ ട്രസ്റ്റിന്റെ നീന ബാലൻ അനുസ്മരണവും പുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിമാരോ രാഷ്ട്രീയക്കാരോ അല്ല, സാധാരണക്കാരായ ജനങ്ങളാണ് പരമാധികാരികളെന്നും ജനങ്ങളാണ് എന്നും വലുതെന്നത് ഒരു രാഷ്ട്രിയകാരനും മറക്കാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വ്യക്തിയെ കുത്തിക്കൊല്ലുന്നതിനേക്കാൾ ക്രൂരമാണ് വ്യക്തിഹത്യ നടത്തുകയെന്നത്. വ്യക്തിഹത്യ നടത്തുമ്പോൾ ഒരാളെ മാത്രമല്ല അതു ബാധിക്കുന്നത്. അയാളുടെ കുടുംബത്തെയും വരുംതലമുറകളെയുമാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.
മണിപ്പൂര്‍ വിഷയത്തിൽ ഇന്ത്യയുടെ ആത്മാവ് നഷ്ടപ്പെടുത്തരുതെന്നും അവിടെ നടക്കുന്നത് ഗോത്രവർഗങ്ങൾ തമ്മിലുള്ള കലാപമാണു അല്ലാതെ വർഗീയ കലാപമല്ലെന്നു രീതിയിലാണ് നടക്കുന്നതെന്ന തെറ്റിദ്ധാരണ കേരളത്തിലെ ഓരോ കുടുംബത്തിലുമെത്തിച്ചതായി മനസ്സിലാവുന്നുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു. രണ്ടു ഗോത്രവിഭാഗത്തിലും ക്രൈസ്തവരുണ്ടെന്ന് തിരിച്ചറിഞ്ഞ് കേരളത്തിലെ അഭിവന്ദ്യ പിതാവ് അക്കാര്യം തുറന്നുപറയുകയും ചെയ്തിട്ടുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു.