തിരുവനന്തപുരം: സൗദി അറേബ്യയിൽ പോയപ്പോൾ ബാങ്കുവിളി കേട്ടില്ലെന്നും അദ്ഭുതപ്പെട്ടുപോയെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. താൻ പോയ ഒരിടത്തും അവിടെ ബാങ്കുവിളി കണ്ടില്ലെന്നും കൂടെ വന്ന ആളോട് ചോദിച്ചപ്പോൾ പുറത്ത് ശബ്ദം കേട്ടാൽ വിവരമറിയും എന്നുമാണ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.
‘സൗദി അറേബ്യയിൽ ചെന്നപ്പോൾ ഞാൻ വിചാരിച്ചു, ഭയങ്കര തീവ്രവാദികളായ ആളുകളായിരിക്കും ഇവിടെ താമസിക്കുന്നതെന്ന്. കാരണം, എക്സ്ട്രീം ആയിട്ടുള്ള വിശ്വാസികളാണ്. ഞാൻ പോയ ഒരിടത്തും ബാങ്കുവിളി കണ്ടില്ല. കൂടെ വന്ന ആളോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞു, പുറത്ത് കേട്ടാൽ വിവരമറിയും എന്ന്. അദ്ഭുതപ്പെട്ടുപോയി. അവർക്ക് അവരുടെ വിശ്വാസത്തിന് ബാങ്കുവിളിക്കാൻ അവകാശമുണ്ട്. പക്ഷേ, പൊതുയിടത്തിൽ ശല്യമാണ്, അത് പാടില്ല. അതാണ് അവിടെ നിയമം’ -സജി ചെറിയാൻ പറഞ്ഞു.
‘അവിടുത്തെ ഭൂരിപക്ഷ സമൂഹം ആരെയങ്കിലും ആക്രമിക്കുന്നുണ്ടോ? അവിടെ മുസ്ലിം അല്ലാത്ത ക്രിസ്ത്യാൻ, ഹിന്ദു ജനവിഭാഗത്തിൽപെടുന്നവർക്ക് എന്തെങ്കിലും പ്രയാസമുണ്ടോ? എത്ര ജനാധിപത്യപരമായ സാഹചര്യമാണ് അവിടെയുള്ളത്…! ഈ മാതൃക ലോകത്തെ പഠിപ്പിച്ചത് ഇന്ത്യയാണ്. പക്ഷേ, ഘട്ടംഘട്ടമായ ഈ മാതൃക നഷ്ടപ്പെടുന്നോ എന്ന ആശങ്കയാണുള്ളത്’ -സജി ചെറിയാൻ വിശദീകരിച്ചു.