Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഐക്യരാഷ്ട്ര സഭക്ക് മുന്നിൽ മണിപ്പൂരിന് വേണ്ടി പ്രാർത്ഥന; ക്രിസ്ത്യൻ സമൂഹത്തിന്റെ ദുഃഖവും ഐക്യദാർഢ്യവും

ഐക്യരാഷ്ട്ര സഭക്ക് മുന്നിൽ മണിപ്പൂരിന് വേണ്ടി പ്രാർത്ഥന; ക്രിസ്ത്യൻ സമൂഹത്തിന്റെ ദുഃഖവും ഐക്യദാർഢ്യവും

ന്യൂയോര്‍ക്ക്: മണിപ്പൂരിലെ അക്രമികള്‍ക്ക് സുബോധം  ഉണ്ടാകുന്നതിനും അധികൃതര്‍ക്ക് മനംമാറ്റമുണ്ടാകുന്നതിനും പ്രാര്‍ഥനകളുമായി ക്രൈസ്തവ സമൂഹം ഐക്യരാഷ്ട്ര സഭയ്ക്ക് മുന്നില്‍ പ്രാർത്ഥന സംഗമം  സംഘടിപ്പിച്ചു. ആയിരത്തിലേറെ പേര്‍ പങ്കെടുത്ത വിജില്‍ മണിപ്പൂരില്‍ വിലപിക്കുന്ന എല്ലാ മനുഷ്യരോടും പ്രത്യേകിച്ച് പീഡനം അനുഭവിക്കുന്ന ക്രൈസ്തവ ജനതയോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഉറ്റവര്‍ നഷ്ടപ്പെട്ടും വീടുകള്‍ നഷ്ടപ്പെട്ടും മഹാദുരന്തം നേരിടുന്ന ക്രൈസ്തവ ജനതയ്ക്കായി കണ്ണീരോടെ ഉയര്‍ന്ന പ്രാര്‍ത്ഥനകള്‍ അമേരിക്കയിലെ ഇന്ത്യന്‍ ക്രൈസ്തവര്‍ മണിപ്പൂര്‍ വിഷയത്തില്‍ അനുഭവിക്കുന്ന വ്യഥയുടെ വാങ്മയ ചിത്രമായി.

ചെറിയൊരു സംഘാടക സമിതി മുന്നിട്ടിറങ്ങിയപ്പോള്‍ എല്ലാ വിഭാഗം ക്രൈസ്തവരും ഭിന്നതകള്‍ മറന്ന് ഒന്നിക്കുന്ന കാഴ്ചയാണ് യുഎന്നിനു മുന്നില്‍ കണ്ടത്. വിജിലിന്റെ ലക്ഷ്യം ഫിയകോന (ഫെഡറേഷൻ ഓഫ് ഇന്ത്യൻ  അമേരിക്കൻ ക്രിസ്ത്യൻസ് ഓഫ് നോർത്ത് അമേരിക്ക)  പ്രസിഡന്റ് കോശി ജോര്‍ജ് തുടക്കത്തിലെ വ്യക്തമാക്കി. ഇതൊരു പ്രതിഷേധ റാലി അല്ല. എന്തുകൊണ്ട് കലാപം ഉണ്ടായി എന്നോ, ആരാണ് കാരണക്കാരെന്നോ, രാഷ്ട്രീയമെന്തെന്നോ ഒന്നും ചികഞ്ഞ് നോക്കുകയല്ല നമ്മുടെ ലക്ഷ്യം. മണിപ്പൂരില്‍ നിയമസംവിധാനം പാലിക്കാന്‍ പ്രാര്‍ഥിക്കുക മാത്രമാണ് ലക്ഷ്യം. അവിടെ സഹായങ്ങളെത്തിക്കാന്‍ നമുക്ക് പരിമിതികളുണ്ട്.  പ്രാർത്ഥനക്ക് അതില്ല.  രാഷ്ട്രീയമായി ആരെയെങ്കിലും അപലപിക്കുകയോ എതിര്‍ക്കുകയോ നമ്മുടെ ലക്ഷ്യവുമല്ല- അദ്ദേഹം വ്യക്തമാക്കി.

ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ് പീഡിതരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പങ്കെടുത്തത് ശ്രദ്ധേയമായി. പങ്കെടുത്ത ഏക നിയമസഭാംഗവും അദ്ദേഹമായിരുന്നു.  നീതിയും സമാധാനവും പുലരണമെന്നും എല്ലാ മനുഷ്യരുടേയും ജീവന്‍ ഒരുപോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതില്‍ ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ സിക്ക് എന്നോ ജയിന്‍ എന്നോ വ്യത്യാസമില്ല. മനുഷ്യര്‍ ഒന്നായി ജീവിക്കുന്ന ലോകത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

സ്വാഗതം പറഞ്ഞ മുഖ്യ സംഘാടക ഡോ. അന്ന ജോര്‍ജ് നമ്മുടെ സഹോദരര്‍ വേദന അനുഭവിക്കുമ്പോള്‍ അത് നമ്മെയും വേദനിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. അതിന്റെ പ്രതിഫലനമാണ് ഒഴിവ് ദിനത്തില്‍ മറ്റ് പ്രോഗ്രാമുകളെല്ലാം മാറ്റിവച്ച് ഇത്രയും പേര്‍ ഇവിടെ ഒത്തുചേര്‍ന്നത്. ആളുകള്‍ കൊല്ലപ്പെടുകയും അഭയാര്‍ത്ഥികളാകുകയും ചെയ്യുന്നു. സ്ത്രീകളെ ആയുധമാക്കി മാറ്റുന്നു. നഗ്‌നരാക്കി ഘോഷയാത്ര നടത്തുന്നു. ജനത ഭക്ഷണവും വെള്ളവും അഭയകേന്ദ്രവുമില്ലാതെ വലയുന്നു. ആ വേദന നമുക്ക് ഊഹിക്കാവുന്നതിനപ്പുറമാണ്.

വിവിധ മത വിഭാഗങ്ങളുമായി സൗഹാര്‍ദ്ദത്തിലാണ് നാം ഇന്ത്യയില്‍ ജീവിച്ചത്. പക്ഷെ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത്? ഒരു വംശഹത്യയോ കൂട്ടക്കൊലയോ ആണ് ഇപ്പോൾ നടക്കുന്നത്. 145 പേര്‍ മരിച്ചു. 60,000 പേര്‍ ഭവന രഹിതരായി. മുന്നൂറിൽപ്പരം പള്ളികള്‍ നശിപ്പിച്ചു. 170 ഗ്രാമങ്ങള്‍ അഗ്നിക്കിരയാക്കി. ഇത് കൂടുകയാണ്. ക്രിസ്ത്യാനികളെയാണ് ലക്ഷ്യമിടുന്നത്. ഇതെല്ലാം മനുഷ്യാവകാശ ലംഘനങ്ങളാണ്.

നമ്മുടെ സഹോദരരുടെ കണ്ണീരും വിലാപവും കണ്ട് നമുക്ക് നിശബ്ദരായിരിക്കുവാന്‍ കഴിയില്ല. ഇതുവരെയും സ്റ്റേറ്റ് ഗവണ്‍മെന്റോ കേന്ദ്ര ഗവണ്‍മെന്റോ മതിയായ രീതിയില്‍ ഒരു ഇടപെടലും നടത്തിയിട്ടില്ല. അത് അവസാനിക്കണം. അമേരിക്കന്‍ മീഡിയയും  അമേരിക്കൻ ഗവണ്‍മെന്റും ഈ വിഷയത്തില്‍ നമുക്കു വേണ്ടി സംസാരിക്കണമെന്നും കൂടി ആവശ്യപ്പെട്ടാണ് ഈ വിജില്‍. സ്ത്രീകളെ ഉപയോഗിക്കുകയും നഗ്‌നരായി നടത്തുകയും ചെയ്തിട്ട് രാജ്യം നിശബ്ദരായിരിക്കുന്നത് ലജ്ജാകരമാണ്- അവര്‍ പറഞ്ഞു.

അമേരിക്കന്‍ ആക്ടിവിസ്റ്റും പത്രവര്‍ത്തകയുമായ പിയറ്റര്‍ ഫ്രെഡറിച്ച് നടത്തിയ ശ്രദ്ധേയമായ പ്രസംഗത്തില്‍ ഒഡീഷയിലെ കന്ധാമലില്‍ നടത്തിയതിന്റെ ആവര്‍ത്തനമാണ് മണിപ്പൂരിലെന്ന് ചൂണ്ടിക്കാട്ടി. പോലീസും സര്‍ക്കാരും കാര്യമായി ഒന്നും ചെയ്യുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ അനങ്ങുന്നില്ല. അമേരിക്കന്‍ സര്‍ക്കാരാകട്ടെ ഒന്നും കണ്ടില്ലെന്ന് നടിക്കുന്നു. മണിപ്പൂരില്‍ ക്രിസ്ത്യാനികളുടെ രക്തം ഒഴുകുമ്പോള്‍ ഡല്‍ഹിയുമായി കച്ചവടബന്ധം ശക്തിപ്പെടുത്തുകയാണ് അമേരിക്ക. നിസംഗരായിരിക്കുന്ന അമേരിക്കന്‍ ചര്‍ച്ചുകളേയും അദ്ദേഹം വിമര്‍ശിച്ചു. സ്വാതന്ത്ര്യമുള്ള ജനതയെന്ന നിലയില്‍ സ്വാതന്ത്ര്യത്തിനായി രംഗത്തിറങ്ങാന്‍ നമുക്ക് കടമയുണ്ട്. ക്രിസ്തുവില്‍ നാം ഒന്നാണ്. ഐക്യത്തോടെ നമുക്ക് മണിപ്പൂരിനായി മുട്ടില്‍ നിന്ന് പ്രാര്‍ത്ഥിക്കാം. ക്രൈസ്തവ ജനതയെ ശ്വാസംമുട്ടിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരേ നമുക്ക് പ്രവര്‍ത്തിക്കാം- അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ ചര്‍ച്ചിലെ കത്തോലിക്കാ വൈദീകന്‍ പാസ്റ്റര്‍ റോബിന്‍സണ്‍ ഫ്രാങ്ക് മണിപ്പൂരില്‍ നിയമ സംവിധാനം പുലരാന്‍ സര്‍ക്കാരുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് പറഞ്ഞു. ക്രൈസ്തവര്‍ പീഡനം അനുഭവിക്കുന്നത് നമ്മെയും ദുഖിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.

മണിപ്പൂർ വനിത വുമംഗ് ഇംഫാലിലെ തങ്ങളുടെ വീടുകള്‍ കത്തിച്ചുകളഞ്ഞത് ചൂണ്ടിക്കാട്ടി. 28 അംഗങ്ങളുള്ള കുടുംബമാണ് തങ്ങളുടേത്. അവര്‍ ആര്‍മി ക്യാമ്പില്‍ അഭയം തേടിയാണ് രക്ഷപ്പെട്ടത്. പിന്നീടവരെ ഡല്‍ഹിയിലേക്ക് മാറ്റി. ഇപ്പോള്‍ വാടക വീടുകളില്‍ കഴിയുന്നു.

മണിപ്പൂരില്‍ നിന്നു തന്നെയുള്ള മാര്‍ക്ക് മാംഗ് തന്റെ ബന്ധുക്കള്‍ കൊല്ലപ്പെട്ടത് വിവരിച്ചു. ഗ്രാമം  സംരക്ഷിക്കുകയായിരുന്ന തന്റെ കസിന്‍സിനെ സുരക്ഷാസേന വെടിവച്ചു കൊല്ലുകയായിരുന്നു.

സെക്കുലര്‍ ഭരണഘടനയുള്ള രാജ്യമാണ് ഇന്ത്യയെന്ന് ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി. ഭരണഘടനാനുസൃതം സര്‍ക്കാര്‍ പ്രവര്‍ത്തിക്കണമെന്ന് മാത്രമാണ് നാം ആവശ്യപ്പെടുന്നത്.

ഫൊക്കാന നേതാവ് ലീല മാരേട്ട് ഇത്തരമൊരു പ്രാര്‍ത്ഥനാ സമ്മേളനം നടത്തുന്നതില്‍ മുന്നിട്ടിറങ്ങിയവരെ അഭിനന്ദിച്ചു. മണിപ്പൂരിലെ ദുഖം നമ്മുടേയും ദുഖമാണ്. അവിടെ നീതിയും സമാധാനവും പുലരണം.

പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് പ്രാരംഭ പ്രാര്‍ത്ഥന നടത്തി. ഇവാഞ്ചലിൻ  ജേക്കബ് അമേരിക്കന്‍ ദേശീയ ഗാനവും ഫാ. ഫ്രാന്‍സീസ് നമ്പ്യാപറമ്പില്‍ ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു. ബിഷപ്പ് ഡോ. ജോണ്‍സി ഇട്ടി, പാസ്റ്റര്‍ ബാബു തോമസ്, ഡോ. സാം സാമുവേല്‍, പാസ്റ്റര്‍ ഇട്ടി ഏബ്രഹാം, റവ.ഡോ. ദിന്‍കര്‍ ടെയ്‌ലര്‍, പാസ്റ്റര്‍ സാബു വര്‍ഗീസ്, പാസ്റ്റര്‍ വില്‍സണ്‍ ജോസ്, റവ. ജെസ്സ് എം. ജോര്‍ജ്, റവ.ഡോ. ഹേമലത പര്‍മാര്‍, പാസ്റ്റര്‍ പെഴ്‌സി മക്‌വാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മാത്യു  ജോർജ്  നന്ദി പറഞ്ഞു.

വിവിധ സ്ഥലങ്ങളില്‍ നിന്നു പ്രത്യേക ബസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. മണിപ്പൂരിൽ മനുഷ്യാവകാശം സംരക്ഷിക്കാൻ  ഇടപെടണമെന്ന്  ആവശ്യപ്പെട്ട്   ഐക്യ രാഷ്ട്ര സഭ അധികൃതർക്ക് നിവേദനവും  നൽകി. സംസ്ഥാന ഭരണകൂടവും പോലീസും നിസംഗത പാലിക്കുകയോ അക്രമികളെ സഹായിക്കുകയോ ചെയ്യുകയാണ്. കേന്ദ്ര സർക്കാരാകട്ടെ ഒന്നും ചെയ്യുന്നില്ല. ഈ സാഹചര്യത്തിൽ മനുഷ്യാവകാശങ്ങളും ജീവനും സ്വത്തും സംരക്ഷിക്കാൻ ഇടപെടാനുള്ള കടമ  ഐക്യരാഷട്ര സഭക്കുണ്ടെന്നു നിവേദനത്തിൽ ചൂണ്ടിക്കാട്ടി.  

ഹ്യൂസ്റ്റനിൽ നടന്നപോലെ എതിർ പ്രകടനം ഉണ്ടാവുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. പോലീസും ജാഗ്രതയോടെ രംഗത്തുണ്ടായിരുന്നു.

സംഘാടക സമിതിയിൽ ജോര്‍ജ് ഏബ്രഹാം, രാജു എബ്രഹാം, മാത്യു ജോർജ്, ജിമ്മി ക്രിസ്ത്യൻ, മേരി ഫിലിപ്പ്, പോൾ  പനക്കൽ, ലീല മാരേട്ട്, പാസ്റ്റർ ജതിന്ദർ ഗിൽ, തുടങ്ങിയവർ നേതൃത്വം വഹിച്ചു.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments