കൊച്ചി: അണ്‍ എയ്ഡഡ്, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 30 ശതമാനം കണ്‍സഷന്‍ നല്‍കിയാല്‍ മതിയെന്ന തീരുമാനത്തില്‍ ഉറച്ച് കെഎസ്ആര്‍ടിസി. നിരക്കില്‍ ഇളവ് നല്‍കാനാവില്ലെന്ന് അറിയിച്ച് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കി. തീരുമാനത്തിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കണമെന്നും കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടു.
കണ്‍സഷന്‍ വിദ്യാര്‍ത്ഥികളുടെ അവകാശമല്ല. സര്‍ക്കാര്‍ നയമമനുസരിച്ചാണ് കണ്‍സഷന്‍ നല്‍കുന്നത്. സ്വശ്രയ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ തുടരാന്‍ ബാധ്യതയില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമേ നിരക്ക് ഇളവ് നല്‍കാന്‍ കഴിയൂ. വന്‍ തുക തലവരിപ്പണം നല്‍കുന്നവര്‍ക്ക് കണ്‍സഷന്‍ വേണ്ടെന്നുമുള്ള നിലപാടിലാണ് കെഎസ്ആര്‍ടിസി.
സ്വാശ്രയ കോളേജുകളുടേയും അണ്‍എയ്ഡഡ് സ്‌കൂളുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാനിരക്കിന്റെ 30 ശതമാനം ഇളവ് അനുവദിച്ചുകൊണ്ടുള്ള കാര്‍ഡ് അനുവദിക്കാനായിരുന്നു കെഎസ്ആര്‍ടിസി തീരുമാനം. ബാക്കി 35 ശതമാനം തുക വിദ്യാര്‍ത്ഥികളും 35 ശതമാനം മാനേജ്‌മെന്റും വഹിക്കണമെന്നായിരുന്നു നിര്‍ദേശം. ഇത് ചോദ്യം ചെയ്ത് കേരള സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷനും രണ്ട് വിദ്യാര്‍ത്ഥികളും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിക്കാരുടെ വാദത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് വിലയിരുത്തി സിംഗിള്‍ ബെഞ്ച് സ്റ്റേ അനുവദിക്കുകയായിരുന്നു.