കൊച്ചി: കെഎസ്ഇബിയുടെ വാഴ വെട്ടലിൽ ഇടപെട്ട് എറണാകുളം ജില്ലാ കളക്ടർ. വിഷയത്തിൽ മൂവാറ്റുപുഴ തഹസിൽദാറിനോട് കളക്ടർ റിപ്പോർട്ട് തേടി. കഴിഞ്ഞ ദിവസമാണ് കോതമംഗലം പുതുപ്പാടി ഇളങ്ങടത്ത് കെഎസ്ഇബി വാഴ കൃഷി വെട്ടി നശിപ്പിച്ചത്. യുവ കർഷകൻ അനീഷിന്റെ തോട്ടത്തിലെ വാഴകളാണ് വെട്ടി നശിപ്പിച്ചത്.
ഹൈ ടെൻഷൻ ലൈൻ കടന്ന് പോകുന്നതിനാണ് വാഴ കൃഷി നശിപ്പിച്ചതെന്നാണ് കെഎസ്ഇബിയുടെ വാദം. ഓണം വിപണി ലക്ഷ്യമാക്കി വാഴകൃഷി നടത്തിയ അനീഷ് കെഎസ്ഇബി ജീവനക്കാരുടെ നടപടിയിൽ വിഷമത്തിലായിരുന്നു. ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് കെഎസ്ഇബിയുടെ നടപടിയെന്ന് അനീഷ് പറഞ്ഞിരുന്നു. വെട്ടി നശിപ്പിച്ചതിൽ മിക്കതും കുലച്ച വാഴകളാണ്. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും അനീഷ് പറഞ്ഞിരുന്നു.
വാർത്ത പുറത്ത് വന്നതോടെ സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് കൃഷി മന്ത്രി പി പ്രസാദ് രംഗത്തെത്തുകയായിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നടപടി അത്യന്തം ഖേദകരവും പ്രതിഷേധാർഹവുമാണെന്ന് മന്ത്രി വ്യക്തമാക്കി. ഒരു കർഷകൻ തന്‍റെ വിളകളെ പരിപാലിക്കുന്നത് കുഞ്ഞുങ്ങളെ പോറ്റി വളർത്തുന്നതുപോലെയാണ്. ഒരു കർഷകന്‍റെ വിയർപ്പിന് വില നൽകാതെ അവന്‍റെ വിളകളെ വെട്ടി നശിപ്പിച്ചത് തീർത്തും ക്രൂരതയാണെന്ന് മന്ത്രി പറഞ്ഞു.
ഹൈടെൻഷർ ലൈനിന് കീഴിൽ കൃഷി ചെയ്യുമ്പോഴുള്ള സുരക്ഷാ പ്രശ്നങ്ങളെ ഒട്ടും ചെറുതായി കാണുന്നില്ല. വൈദ്യുതാഘാതം മൂലം ഒരു ജീവൻ നഷ്ടപ്പെടാനോ മറ്റെന്തെങ്കിലും അപായമുണ്ടാകാനോ പാടില്ല എന്നതിൽ ആർക്കും രണ്ടഭിപ്രായമുണ്ടാകില്ല. ഈ സ്ഥലത്ത് വാഴ കൃഷി ചെയ്യാൻ പാടില്ലായെങ്കിൽ നേരത്തേ തന്നെ കെഎസ്ഇബി ഇടപെടേണ്ടതായിരുന്നു. വാഴ കുലച്ച് കുലകൾ വിൽക്കാറായ സമയത്ത് ഏകപക്ഷീയമായി ഒരു കർഷകന്‍റെ അധ്വാനത്തെ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. തോമസിന്‍റെ മകൻ അനീഷുമായി സംസാരിച്ചുവെന്നും മന്ത്രി പറഞ്ഞു.
ഓണ വിപണിയിലെത്തേണ്ടിയിരുന്ന 460 വാഴക്കുലകൾ ഒരു മുന്നറിയിപ്പുമില്ലാതെ നശിപ്പിക്കപ്പെട്ടതിന്റെ വേദനയിലാണ് ആ കുടുംബം. വാഴക്കൈകൾ വെട്ടി അപകട സാധ്യതകൾ ഒഴിവാക്കാനുളള നടപടികളായിരുന്നു ഉണ്ടാകേണ്ടിയിരുന്നതെന്ന അഭിപ്രായമാണ് ആ കർഷക കുടുംബത്തിനുള്ളത്. വൈദ്യുതി വകുപ്പ് മന്ത്രിയുമായി സംസാരിച്ചു. ഈ വിഷയം ഗൗരവമായി കണ്ട് ഇതിനോടകം തന്നെ അദ്ദേഹം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇത്തരം ദുരനുഭവങ്ങൾ കർഷകർക്ക് ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അതിനിടയിലാണ് സംഭവത്തിൽ റിപ്പോർട്ട് തേടി കളക്ടർ രംഗത്തെത്തിയിരിക്കുന്നത്.