ഹൂസ്റ്റൻ: ഹൂസ്റ്റൻ കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള റൈറ്റേഴ്സ് ഫോറം ഒക്ടോബർ പതിനെട്ടാം തീയതി വൈകുന്നേരം ഹൂസ്റ്റണിലെ സ്റ്റാഫോർഡിലുള്ള മസാല ഹട്ട് ഇന്ത്യ റസ്റ്റോറണ്ട് ഹാളിൽ വച്ച് നടത്തിയ പ്രതിമാസ ചർച്ച സമ്മേളനത്തിൽ ഇപ്രാവശ്യം അരങ്ങേറിയത് വാദപ്രതിവാദങ്ങളുടെ ചൂടേറിയ ഒരു സംവാദം ആയിരുന്നു. മോട്ടി മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ ജോൺ മാത്യു മോഡറേറ്ററായി പ്രവർത്തിച്ചു. പ്രസിദ്ധ എഴുത്തുകാരിയും, കവിയത്രിയുമായ തെരേസ ടോം മുഖ്യാതിഥിയായിരുന്നു. കഴിഞ്ഞമാസം അന്തരിച്ച സാഹിത്യകാരനും ഭാഷാ സ്നേഹിയുമായ ജോൺ എബ്രഹാത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് യോഗം ആരംഭിച്ചത്. ഒക്കൽഹോമയിൽ അധിവസിച്ചിരുന്ന അദ്ദേഹത്തിൻറെ ഭാഷാ സാഹിത്യ സേവനങ്ങളെ കേരള റൈറ്റേഴ്സ് ഫോറം അംഗങ്ങൾ അനുസ്മരിച്ച് സംസാരിച്ചു. തുടർന്ന്, പ്രസിദ്ധ നോവലിസ്റ്റും, കേരള റൈറ്റേഴ്സ് ഫോറം കൺവീനറുമായ ജോൺ മാത്യു എഴുതിയ “Ages Never End” എന്ന ഇംഗ്ലീഷ് നോവൽ മുഖ്യാതിഥിയായി എത്തിയ തെരേസ ടോമിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

അന്നത്തെ പരിപാടികളുടെ മുഖ്യ ഇനമായി എ.സി. ജോർജ് നയിച്ച സംവാദം ടെലിവിഷൻ സീരിയലുകൾ സമൂഹത്തിന് കൂടുതലായി ഗുണമാണോ ദോഷമാണോ സൃഷ്ടിക്കുന്നത് എന്ന വിഷയം വാദപ്രതിവാദങ്ങൾക്കും, ചൂടേറിയ ചർച്ചകൾക്കും തിരികൊളുത്തി. സീരിയൽ തരംഗം ഒരു വിനോദം മാത്രമാണോ, അതോ സമൂഹത്തിൽ വിപത്തുകൾ സൃഷ്ടിക്കുന്നുണ്ടോ? അത് നന്മയാണോ തിന്മയാണോ വിതറുന്നത്? സാംസ്കാരിക പുരോഗതിയോ അതോ ജീർണതയോ? നന്മകളുടെ നേർക്കാഴ്ചയോ നെഗറ്റീവ് ചിന്തകളുടെയും പ്രവർത്തികളുടെയും പ്രഭവ കേന്ദ്രങ്ങളോ? മിനി സ്ക്രീനിലെ നേരും നെറിയും വിവരിച്ചു കൊണ്ടു ഒരു സീരിയൽ വിചാരണ തന്നെ അദ്ദേഹം സദസ്സിൽ നടത്തി. പ്രതിദിന ജീവിതത്തിലെ സങ്കീർണ്ണതകളിൽ നിന്നും മാനസിക സമ്മർദ്ദങ്ങളിൽ നിന്നും കുറച്ചുസമയത്തേക്ക് ആശ്വാസം നൽകാൻ ടിവി സീരിയലുകൾ സഹായിക്കുന്നു. തടസ്സമില്ലാത്ത ഒരു വിനോദം എന്ന നിലയിൽ പ്രായമായവർക്കും വീട്ടിൽ ഇരിക്കുന്നവർക്കും വിരസത മാറ്റാനുള്ള ഒരു എളുപ്പവഴിയായി കൂടെ സീരിയലിനെ കാണാം. സ്ത്രീപക്ഷ ശാക്തീകരണം, തിന്മകളുടെ മേൽ നന്മയുടെ വിജയം ഒക്കെയാണ് സീരിയലിൽ കൂടുതലായി ചിത്രീകരിക്കപ്പെടുന്നത്. എന്നാൽ ദോഷവശമായി നീണ്ടുപോകുന്ന, അല്ലെങ്കിൽ ഒരു യുക്തിക്കും നിരക്കാത്ത വലിച്ചുനീട്ടപ്പെട്ട സന്ദർഭങ്ങൾ മുഹൂർത്തങ്ങൾ കഥകൾ ചിത്രീകരണങ്ങൾ, ജീവിത പിരിമുറുക്കങ്ങൾ, കുടുംബ വഴക്കുകൾ, വഞ്ചന ചതി അസൂയ, പ്രതികാരചിന്തകൾ, ഭയങ്ങൾ സംശയങ്ങൾ കാണികളിൽ സൃഷ്ടിക്കുന്നു. കൂടാതെ വലിയ സമയ നഷ്ടം, ദിവസവും മണിക്കൂറുകളോളം സീരിയലുകൾക്ക് മുന്നിൽ ചെലവഴിക്കുന്ന ആളുകളുടെ ക്രിയാത്മകമായ പ്രവർത്തനങ്ങളെയും വായനാശീലത്തെയും ചിന്താശക്തികളേയും, വ്യായാമങ്ങളെയും ആരോഗ്യത്തെയും തന്നെ പ്രതികൂലമായി ബാധിക്കുന്നു. എന്നതൊക്കെ നെഗറ്റീവ് വശങ്ങൾ തന്നെയാണ്.

അതിനാൽ പ്രേക്ഷകർ തീരുമാനിക്കുക, സ്വയം നിയന്ത്രിക്കുക. അവർ തന്നെ അവരുടെ പരിമിതികൾ കണക്കാക്കി എന്ത്കാണണം എത്ര സമയം കാണണം എന്ന് അവർ തന്നെ തീരുമാനിക്കണം. കഥകളും ഉള്ളടക്കങ്ങളും ചിത്രീകരണങ്ങളും, നിർമ്മാതാക്കളും അണിയറ പ്രവർത്തകരും കൂടുതൽ പോസിറ്റീവായതും യാഥാർത്ഥ്യത്തോട് അടുത്ത് നിൽക്കുന്നതുമായ സീരിയലുകൾ ബ്രോഡ്കാസ്റ്റ് ചെയ്യാൻ ശ്രമിക്കുകയെന്നു എ.സി.ജോർജ് പറഞ്ഞു നിർത്തി.
മലയാള സീരിയൽ രംഗത്തെപ്പറ്റിയായിരുന്നു മുഖ്യ ഡിബേറ്റ്. എന്നാൽ സദസ്സിൽ നിന്ന് പലരും. വിവിധ ഭാഷകളിൽ ഇറങ്ങുന്ന സീരിയലുകളെ പറ്റിയും, അതുപോലെ അച്ചടി മാധ്യമ രംഗങ്ങളിൽ ഇറങ്ങുന്ന സീരിയൽ നീണ്ടകഥകളെ പറ്റിയും പരാമർശിച്ചുകൊണ്ട് സംവാദം കൊഴിപ്പിച്ചു. സംവാദ രീതിയിലുള്ള ഈ ചർച്ചാ സമ്മേളനം വളരെയധികം സാമൂഹ്യ സാംസ്കാരിക പരമ്പരകളിലേക്കും ചിന്തകളിലേക്കും വെളിച്ചം വീശി.
തെരേസ ടോം, ഡോളി കാച്ചപ്പള്ളി, ബോബി മാത്യു, സെനി ഉമ്മൻ, ഡോക്ടർ ജോസഫ് പൊന്നോലി, സുരേന്ദ്രൻ നായർ, മോട്ടി മാത്യു, ജോൺ മാത്യു, മെഴ്സി തോമസ്, എ.സി.ജോർജ് തുടങ്ങിയവർ സംവാദത്തിലും ചർച്ചയിലും സജീവമായി പങ്കെടുത്തു.
Leave a Comment
Your comment will be visible after admin approval.