മനാമ : രാജ്യത്ത് ചൂട് മൂർധന്യത്തിൽ എത്തിയതോടെ വെന്തുരുകി പുറം സ്‌ഥലങ്ങളിലും മറ്റും ജോലി ചെയ്യുന്നവർ. രാജ്യത്ത് ഉച്ചവിശ്രമം നിയമം കർശനമാക്കിയിട്ടുണ്ടെങ്കിലും വരണ്ട കാലാവസ്‌ഥയും ചൂടും പുറം സ്‌ഥലങ്ങളിൽ ജോലി ചെയ്യുന്നവരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. മറ്റ് ഗൾഫ് രാജ്യങ്ങളെപ്പോലെ, ബഹ്‌റൈനിലും കാലാവസ്ഥാ വ്യതിയാനം മൂലം ഉയർന്ന താപനിലയും വരണ്ട കാലാവസ്‌ഥയും വർധിച്ചിട്ടുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.
ബഹ്‌റൈനിലെ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ നിർജ്ജലീകരണത്തെക്കുറിച്ചുള്ള ബോധവൽക്കരണവും കുടിവെള്ള വിതരണവും നടത്തിവരുന്നുണ്ടെങ്കിലും പതിനായിരക്കണക്കിന് വരുന്ന തൊഴിലാളികൾക്കിടയിൽ ചെറിയ ശതമാനത്തിനിടയിൽ മാത്രമാണ് ഇത് പ്രയോഗികമാകുന്നത്. ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ചൂടിൽ കുറച്ചൊക്കെ പിടിച്ചു നിൽക്കുമെങ്കിലും കേരളത്തിൽ നിന്നുള്ളവർക്ക് വലിയ പ്രയാസമാണ് അനുഭവപ്പെടുന്നതെന്ന് തൊഴിലുടമകൾ പറയുന്നു.