ഇന്നും നേട്ടത്തോടെ വ്യാപാരമാരംഭിച്ച ഇന്ത്യൻ വിപണി നേരിയ നഷ്ടം കുറിച്ചു. അമേരിക്കൻ ഫ്യൂച്ചറുകളുടെ വീഴ്ചയും യൂറോപ്യൻ വിപണികളുടെ നഷ്ടതുടക്കവും അവസാന മണിക്കൂറുകളിൽ ഇന്ത്യൻ വിപണിയെയും സ്വധീനിച്ചു. ഡോളർ വീണ്ടും ശക്തമാകുന്നത് ആഗോള ഓഹരി വിപണിക്ക് ക്ഷീണമാണ്. പൊതുമേഖല ബാങ്കിങ്, ഫാർമ സെക്ടറുകളുടെ മുന്നേറ്റവും ഐടി സെക്ടർ നഷ്ടമൊഴിവാക്കിയതും ഇന്ത്യൻ വിപണിക്ക് അനുകൂലമായി.
നിഫ്റ്റി മിഡ് & സ്മോൾ ക്യാപ് സൂചികകൾ ഇന്നും മുന്നേറ്റം കുറിച്ചു. റിലയൻസ്, ടിസിഎസ്, അദാനി എന്റർപ്രൈസസ്, ഐടിസി എന്നീ ഓഹരികൾ നിഫ്റ്റിയെ പിന്നോട്ട് വലിച്ചപ്പോൾ എസ്ബിഐ, ബജാജ് ഫിനാൻസ്, വിപ്രോ മുതലായ ഓഹരികൾ നിഫ്റ്റിക്ക് പിന്തുണ നൽകി.
ഇന്നും 19640 പോയിന്റിലെ കടമ്പ കടക്കാനാകാതിരുന്ന നിഫ്റ്റി 26 പോയിന്റ് നഷ്ടത്തിൽ 19570 പോയിന്റിൽ വ്യപാരമവസാനിപ്പിച്ചു. 19630 പോയിന്റിലെ പിന്തുണ നഷടമായാൽ 19480 പോയിന്റിലാണ് നിഫ്റ്റിയുടെ അടുത്ത പിന്തുണ. 19300 പോയിന്റിലെ പിന്തുണ തുടർ സെഷനുകളിൽ നിഫ്റ്റിക്ക് നിർണായകമാണ്. 19630 പോയിന്റ് പിന്നിടാനായാൽ 19680 പോയിന്റിലും 19730 പോയിന്റിലുമാണ് നിഫ്റ്റിയുടെ അടുത്ത റെസിസ്റ്റൻസുകൾ. ഇന്ന് വീണ്ടും 45096 പോയിന്റ് വരെ മുന്നേറിയ ശേഷം ബാങ്ക് നിഫ്റ്റി വീണ്ടും 45000 പോയിന്റിന് തൊട്ട് താഴെ വ്യാപാരമവസാനിപ്പിച്ചു. ആർബിഐയുടെ നിരക്ക് പ്രഖ്യാപനങ്ങൾ വരാനിരിക്കെ 44800 പോയിന്റിലെ പിന്തുണ നിഫ്റ്റിക്ക് വീണ്ടും നിർണായകമാണ്. 45100 പോയിന്റ് പിന്നിടാനായാൽ 45250 പോയിന്റിൽ ബാങ്ക് നിഫ്റ്റി വീണ്ടും റെസിസ്റ്റൻസ് നേരിട്ടേക്കാം.