കോട്ടയം : പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി അന്തരിച്ച ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ യുഡിഎഫിന്റെ സ്ഥാനാർഥി. ഡൽഹിയിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനാണ് ചാണ്ടി ഉമ്മന്റെ പേര് പ്രഖ്യാപിച്ചത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് യുഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം. സ്ഥാനാർഥി നിർണയത്തിൽ ഒരു പേരുമാത്രമാണ് ഉയർന്നുവന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സെപ്റ്റംബർ അഞ്ചിനാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ സെപ്റ്റംബർ എട്ടിന് നടക്കും. 53 വർഷം തുടർച്ചയായി ഉമ്മൻ ചാണ്ടി പ്രതിനിധീകരിച്ച മണ്ഡലത്തിലാണ് പുതുപ്പള്ളി.
യൂത്ത് കോണ്‍ഗ്രസ് ദേശീയ ഔട്ട്റീച്ച് സെൽ ചെയർമാനാണ് ചാണ്ടി ഉമ്മൻ. കെപിസിസി അംഗവുമാണ്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് ദേശീയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിവരുന്ന ചാണ്ടി ഉമ്മൻ ഭാരത് ജോഡോ യാത്രയിൽ മുഴുവൻ സമയം പങ്കെടുത്തിരുന്നു.
ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്നും ചരിത്രത്തിൽ ബിരുദം നേടിയ ചാണ്ടി ഉമ്മൻ, ഡൽഹി സർവകലാശാലയിൽ നിന്നും ക്രിമിനോളജി, കോൺസ്റ്റിറ്റ്യൂഷൻ ആന്‍ഡ് അഡ്മിനിസ്ട്രേഷനിൽ നിയമ ബിരുദം നേടി. ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്ന് രണ്ട് സമ്മർ കോഴ്സുകളും നേടിയിട്ടുണ്ട്.