ശ്രീകുമാര്‍ ഉണ്ണിത്താന്
ന്യൂജേഴ്സി: അമേരിക്കയിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ദേശീയ അംഗീകാരങ്ങളിലൊന്നായ 2026-ലെ യു.എസ്. പ്രസിഡന്‍ഷ്യല്‍ സ്കോളർ (U.S. Presidential Scholars) ബഹുമതിക്ക് ന്യൂജേഴ്സിയിലെ ഈസ്റ്റ് ഹാനോവറില്‍ താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥിനി ജിസ്മി മാത്യു അര്‍ഹയായി. അക്കാദമിക മികവ്, സാങ്കേതികവിദ്യയിലെ നേട്ടങ്ങള്‍, നേതൃത്വപാടവം, സാമൂഹികസേവനം എന്നിവയിലൂടെ ശ്രദ്ധേയയായ ജിസ്മിയുടെ നേട്ടം അമേരിക്കന്‍ മലയാളി സമൂഹത്തിനും അഭിമാനമായി.
ഒക്ടോബര്‍ 27-ന് യു.എസ്. വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച 161 പ്രസിഡന്‍ഷ്യല്‍ സ്കോളര്‍മാരില്‍ കരിയര്‍ ആന്‍ഡ് ടെക്നിക്കല്‍ എജ്യുക്കേഷന്‍ (CTE) വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 20 വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് ജിസ്മി. രാജ്യത്താകമാനം 6,700-ലധികം വിദ്യാര്‍ത്ഥികള്‍ പരിഗണനയ്ക്ക് അര്‍ഹരായ മത്സരാധിഷ്ഠിത തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഈ ബഹുമതി നേടിയത്. രാജ്യവ്യാപകമായി തിരഞ്ഞെടുക്കപ്പെട്ട 627 സെമിഫൈനലിസ്റ്റുകളില്നിന്നാണ് അന്തിമ വിജയികളെ കണ്ടെത്തിയത്.
ന്യൂജേഴ്സിയിലെ മോറിസ് കൗണ്ടി സ്കൂള്‍ ഓഫ് ടെക്നോളജിയില്‍ (Morris County School of Technology) കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ സയന്‍സസ് അക്കാദമിയില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജിസ്മി, പഠനത്തിലെ മികവിന് സ്കൂളിലെ കമ്പ്യൂട്ടര്‍ സയന്‍സ് അക്കാദമി സ്കോളര്‍ (Computer Science Academy Scholar) എന്ന അംഗീകാരത്തിനും ജിസ്മി അര്‍ഹയായി. ഹൈസ്കൂള്‍ ഗ്രാജുവേഷന് ചടങ്ങില്‍ തന്റെ ബാച്ചിനെ അഭിസംബോധന ചെയ്ത് പ്രസംഗിക്കാനും ജിസ്മിക്ക് അവസരം ലഭിച്ചു. പഠനമികവിനൊപ്പം നേതൃത്വപാടവവും പ്രകടമാക്കുന്നതായിരുന്നു ഈ നേട്ടങ്ങള്‍.
സാങ്കേതികവിദ്യയിലും ശ്രദ്ധേയമായ നേട്ടങ്ങളാണ് ജിസ്മി കൈവരിച്ചിട്ടുള്ളത്. ന്യൂജേഴ്സി ടെക്നോളജി സ്റ്റുഡന്റ് അസോസിയേഷന്റെ വെബ്മാസ്റ്റര് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ജിസ്മി, കൗണ്ടി കോളേജ് ഓഫ് മോറിസിന്റെ 2025 ഫാള്‍ സെമസ്റ്റര്‍ ഡീന്‍സ് ലിസ്റ്റിലും ഇടംനേടി. വെബ് ഡെവലപ്മെന്റ്, യൂസര്‍ എക്സ്പീരിയന്‍സ് ഡിസൈന്‍, ഡിജിറ്റല്‍ മീഡിയ എന്നീ മേഖലകളിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.
പഠനമികവിനൊപ്പം സാമൂഹികസേവനത്തിനും ജിസ്മി വലിയ പ്രാധാന്യം നല്കുന്നു. FOKANA (Federation of Kerala Associations in North America), ഫാദര്‍ മാത്യു കുന്നത്ത് ചാരിറ്റബിള്‍ ഫൗണ്ടേഷന് തുടങ്ങിയ സംഘടനകളുടെ വെബ്സൈറ്റ് വികസനത്തിനും ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ക്കും ജിസ്മി സാങ്കേതിക സഹായം നല്‍കിയിട്ടുണ്ട്.
സാങ്കേതികവിദ്യയിലേക്ക് പെണ്‍കുട്ടികളെ കൂടുതല്‍ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ‘ഗേള്‍സ് ഹൂ കോഡ്’ (Girls Who Code) സംഘടനയുടെ സ്കൂള്‍തല സഹപ്രസിഡന്റായും സ്റ്റുഡന്റ് കൗണ്‍സില്‍ ട്രഷററായും ജിസ്മി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2023-ല്‍ ഈസ്റ്റ് ഹാനോവര്‍ സെന്‍ട്രല്‍ എലിമെന്ററി സ്കൂളില്‍ ആരംഭിച്ച ‘കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് STEM ഫാമിലി നൈറ്റ്’ പരിപാടി ജിസ്മിയുടെ നേതൃത്വപാടവത്തിന്റെ മറ്റൊരു ഉദാഹരണമാണ്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ശാസ്ത്രസാങ്കേതിക മേഖലകളെ പരിചയപ്പെടുത്തുന്ന ഈ സംരംഭം പിന്നീട് വാര്‍ഷിക പരിപാടിയായി മാറി.
1964-ല്‍ ആരംഭിച്ച യു.എസ്. പ്രസിഡന്‍ഷ്യല്‍ സ്കോളേഴ്സ് പ്രോഗ്രാം അമേരിക്കയിലെ മികച്ച ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ അക്കാദമിക നേട്ടങ്ങളും നേതൃത്വഗുണങ്ങളും സാമൂഹിക പ്രതിബദ്ധതയും അംഗീകരിക്കുന്ന ദേശീയ പദ്ധതിയാണ്.
ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ജിസ്മി ഇപ്പോള്‍ ന്യൂജേഴ്സി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (NJIT) ആല്‍ബര്‍ട്ട് ഡോര്‍മന്‍ ഓണേഴ്സ് കോളേജില്‍ (Albert Dorman Honors College) കമ്പ്യൂട്ടര്‍ സയന്‍സില്‍ ഉപരിപഠനം നടത്തുകയാണ്.
ഈസ്റ്റ് ഹാനോവറില്‍ താമസിക്കുന്ന ലിന്റോ മാത്യുവിന്റെയും ജിനു മാത്യുവിന്റെയും മകളാണ് ജിസ്മി. ജൂഡിത്ത്, ജേസണ്‍ എന്നിവര്‍ സഹോദരങ്ങളാണ്.
ജിസ്മിയുടെ ഈ വിജയം അമേരിക്കന്‍ മലയാളി സമൂഹത്തിനും സാങ്കേതികവിദ്യയില്‍ മുന്നേറാന്‍ ആഗ്രഹിക്കുന്ന പുതുതലമുറയ്ക്കും പ്രചോദനമാകുന്നു.
Leave a Comment
Your comment will be visible after admin approval.