ദുബൈ: യുഎഇ ആരോഗ്യമേഖലയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുന്ന പുതിയ ഫെഡറൽ ആരോഗ്യനിയമം നിലവിൽ വന്നു. നിയമത്തിന് ഇന്നലെ സർക്കാർ അംഗീകാരം നൽകി. നഴ്‌സിങ്, മെഡിക്കൽ ലാബ് തുടങ്ങി മെഡിക്കൽ റേഡിയഗ്രഫി വരെ നീളുന്ന മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പൊഫഷണലുകൾക്കും പുതിയ നിയമം ബാധകമായിരിക്കും. സ്വകാര്യ ക്ലിനിക്കുകൾ, വെറ്ററിനറി സ്ഥാപനങ്ങൾ എന്നിവ ഈ നിയമനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. ലൈസൻസുള്ള മെഡിക്കൽ പ്രൊഫഷണലുകളുടെ ദേശീയ മെഡിക്കൽ രജസ്ട്രി സ്ഥാപിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ലഘുലേഖകൾ, ബോർഡുകൾ, മാധ്യമങ്ങൾ എന്നിവ വഴി ലൈസൻസുള്ളതായി പ്രചരിപ്പിച്ച് പൊതുജനങ്ങളെ വഞ്ചിച്ചാൽ 50,000 ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയും തടവുമായിരിക്കും ശിക്ഷ. ഗുരുതര നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ലൈസൻസുകൾ പിൻവലിക്കും. പ്രഫഷനൽ രജിസ്ട്രിയിൽ നിന്ന് ഇവരെ ഒഴിവാക്കും. സ്ഥാപനം പൂട്ടാൻ നടപടി സ്വീകരിക്കുമെന്നും നിയമം വ്യക്തമാക്കുന്നു.