തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം മാറ്റാനായി സർക്കാർ നീക്കം. ഇതിനായുള്ള പ്രമേയം നാളെ നിയമസഭയിൽ അവതരിപ്പിക്കുമെന്നാണ് വിവരം. കേരള എന്ന് പേരുമാറ്റി കേരളം എന്നാക്കുകയാണ് പ്രമേയത്തിന്റെ ലക്ഷ്യം. മുഖ്യമന്ത്രി അവതരിപ്പിക്കുന്ന പ്രമേയം പാസാകുന്നതോടെ സർക്കാർ രേഖകളിലടക്കം കേരളം എന്ന നാമം ഉപയോഗത്തിൽ വരും. ഭരണഘടനയിലും ഔദ്യോഗികമായി മലയാളത്തിലും ഇംഗ്ളീഷിലുമുള്ള എഴുത്തിലും ഈ മാറ്റം പ്രകടമാകും.
അതേസമയം കഴിഞ്ഞ നിയമസഭ കാലയളവിൽ പാസാക്കിയ പൊതുജനാരോഗ്യ ബിൽ ഭരണഘടനാ വിരുദ്ധമല്ലെന്നും തദ്ദേശസ്ഥാപനങ്ങളുടെ അധികാരം കവരുന്നതല്ലെന്നും സർക്കാർ ഗവർണറെ അറിയിച്ചു. പകർച്ചവ്യാധികൾ നിയന്ത്രിക്കാനടക്കം പൊതുജനാരോഗ്യം സംരക്ഷിക്കാൻ അത്യാവശ്യമായ വ്യവസ്ഥകളുള്ള ബില്ലിന് അംഗീകാരം നൽകണമെന്നും ആരോഗ്യ സെക്രട്ടറി ഗവർണറോട് അഭ്യർത്ഥിച്ചു.
കഴിഞ്ഞ മാർച്ചിൽ പാസാക്കിയ ബില്ലിനെക്കുറിച്ച് ആയുർവേദ, ഹോമിയോ അടക്കം ആയുഷ് ഡോക്ടർമാരുടെ പരാതിയെത്തുടർന്ന് ഏപ്രിലിൽ ഗവർണർ സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. നിയമസഭ പാസാക്കി അയച്ച ബില്ലിനെക്കുറിച്ചു ലഭിച്ച പരാതികളിൽ ഗവർണർ വിശദീകരണം ആവശ്യപ്പെടുന്ന ചട്ടവും കീഴ്‌വഴക്കവുമില്ലാത്തതിനാൽ അഞ്ചു മാസമായി സർക്കാർ മറുപടി നൽകിയിരുന്നില്ല. എന്നാൽ കൊട്ടാരക്കരയിൽ ഡോ.വന്ദനാദാസിന്റെ കൊലപാതകത്തെതുടർന്ന് സർക്കാർ കൊണ്ടുവന്ന ആശുപത്രി സംരക്ഷണ ഓർഡിനൻസിന് പകരമുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ ഗവർണർ അനുവാദം നൽകിയിരുന്നു. ഡൽഹിയിലായിരുന്ന ഗവർണർ ഓൺലൈനിലാണ് ഇന്നലെ ബില്ലവതരണത്തിന് അനുവദിച്ചത്. ബുധനാഴ്ച ബിൽ സഭയിൽ അവതരിപ്പിക്കും.