റിയാദ്: വേനൽ കടുത്ത് സൗദിയിലെ മറ്റ് ഭാഗങ്ങളിൽ കൊടും ചൂട് അനുഭവപ്പെടുമ്പോൾ ദക്ഷിണ പ്രവിശ്യയിലെ അബഹയിലും ഖമീസ് മുശൈത്തിലും മഴയും മഞ്ഞും ആലിപ്പഴ വർഷവും. സൗദി അറേബ്യയിലും മറ്റ് ഗൾഫ്, അറബ് രാജ്യങ്ങളിലും ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. സൗദിയിൽ തന്നെ 50 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഈയാഴ്ച ചൂട് ഉയരും എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കെയാണ് ദക്ഷിണ സൗദിയിൽ ഉള്ള് കുളിർപ്പിക്കുന്ന മഞ്ഞും മഴയും ആലിപ്പഴ വർഷവും.
സ്‌കൂൾ അവധികാലവും ശക്തമായ ചൂടുംകാരണം മറ്റിടങ്ങളിൽനിന്നെല്ലാം നിരവധി പേരാണ് അബഹയിലെത്തിയത്. അവർക്ക് കുളിർമയേകുന്ന കാലാവസ്ഥയാണ് അബഹയിലും ഖമീസ് മുശൈത്തിലും നിറയുന്നത്. ഇത് ആളുകളുടെ മനസ് നിറയ്ക്കുന്നതാണ്. ഇപ്പോൾ മിക്ക ദിവസവും ഉച്ചയോടെ മഴയും മഞ്ഞും ആലിപ്പഴവും ചൊരിഞ്ഞു തുടങ്ങും.
അബഹ, ഖമീസ് മുശൈത്, ബല്ലസ്മർ, ബല്ലഹമർ, തനൂമ, അൽ നമാസ്, രിജാൽ അൽമ, സറാത്ത് അബീദ തുടങ്ങിയ അസീറിലെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമാണ്. വെള്ളച്ചാട്ടങ്ങളും പച്ചപ്പും പഴവർഗങ്ങളുടെ വിളവെടുപ്പും അബഹ ഫെസ്റ്റിവലും ഇവിടെയെത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നു.