ജിദ്ദ: മക്ക മസ്ജിദുൽ ഹറാം, മദീന മസ്ജിദുന്നബവി എന്നീ വിശുദ്ധ ഗേഹങ്ങളുടെ പരിപാലനത്തിന് ഇനി രണ്ടു സ്ഥാപനങ്ങൾ. നിലവിലെ ഇരുഹറം കാര്യാലയം ജനറൽ അതോറിറ്റിയാക്കി മാറ്റുന്നതിന് പുറമെയാണ് രാജാവിെൻറ നേരിട്ടുള്ള നിയന്ത്രണത്തിൻ കീഴിൽ ‘മതകാര്യ പ്രസിഡൻസി’ എന്ന സ്വതന്ത്ര സ്ഥാപനവും ആരംഭിക്കുന്നത്. സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് ഈ സുപ്രധാന തീരുമാനമെടുത്തത്.
നിലവിലെ ‘മസ്ജിദുൽ ഹറാം-മസ്ജിദുന്നബവി ജനറൽ പ്രസിഡൻസി’യെയാണ് ‘മസ്ജിദുൽ ഹറാം-മസ്ജിദുന്നബവി പരിപാലന ജനറൽ അതോറിറ്റി’യാക്കി മാറ്റുന്നത്. ഇതിന് പുറമെയാണ് രാജാവിെൻറ നിയന്ത്രണത്തിൻ കീഴിൽ ‘മസ്ജിദുൽ ഹറാം-മസ്ജിദുന്നബവി മതകാര്യ പ്രസിഡൻസി’ എന്ന പേരിൽ ഒരു സ്വതന്ത്ര സ്ഥാപനവും ആരംഭിക്കുന്നത്. ഈ വിഷയത്തിൽ വിശദമായ പഠനം നടത്തി സമർപ്പിച്ച റിപ്പോർട്ട് അവലോകനം നടത്തിയ ശേഷമാണ് മന്ത്രിസഭായോഗം പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
മന്ത്രിസഭ തീരുമാനങ്ങൾ:
1. ‘മസ്ജിദുൽ ഹറാം-മസ്ജിദുന്നബവി മതകാര്യ പ്രസിഡൻസി’ എന്ന പേരിൽ സ്വതന്ത്ര സ്ഥാപനം ആരംഭിക്കും. ഇതിെൻറ സംഘാടനവും പ്രവർത്തനവും രാജാവിെൻറ നേരിട്ടുള്ള മേൽനോട്ടത്തിൻ കീഴിലാണ്. ഇരുഹറമുകളിലെ ഇമാമുമാരുടെയും മുഅദ്ദിന്മാരുടെയും ചുമതലകൾ നിശ്ചയിക്കുന്നതും മേൽനോട്ടം വഹിക്കുന്നതും ഇൗ സ്ഥാപനമായിരിക്കും. ഇരുഹറമുകളിലും വൈജ്ഞാനിക പഠനങ്ങളും ക്ലാസുകളും നടത്തുന്നതും ഈ പ്രസിഡൻസിയായിരിക്കും.