ന്യൂഡൽഹി: രാഹുൽ ഗാന്ധി പ്രസംഗിക്കുന്ന ദൃശ്യങ്ങൾ പാർലമെന്റിന്റെ ഔദ്യോഗിക ചാനലായ സൻസദ് ടി.വി ഒഴിവാക്കിയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ്. 12.09 മുതൽ 12.46 വരെ 37 മിനിറ്റാണ് രാഹുൽ ഗാന്ധി അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചത്. എന്നാൽ സൻസദ് ടി.വി വെറും 14 മിനിറ്റ് 37 സെക്കൻഡ് മാത്രമാണ് രാഹുലിന്റെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തത്. മൊത്തം പ്രസംഗത്തിന്റെ വെറും 40% മാത്രമായിരുന്നു രാഹുലിന്റെ സ്‌ക്രീൻ ടൈം എന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു.
തന്റെ പ്രസംഗത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. മണിപ്പൂരിൽ ഇന്ത്യ കൊല ചെയ്യപ്പെട്ടെന്ന് രാഹുൽ പറഞ്ഞു. രാജ്യത്തെ കൊലപ്പെടുത്തിയതുകൊണ്ടാണ് പ്രധാനമന്ത്രിക്ക് മണിപ്പൂരിൽ പോകാൻ സാധിക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.
”നിങ്ങൾ ഭാരതമാതാവിനെ കൊന്നവരാണ്. എന്റെ അമ്മയെ കൊന്നവരാണ് നിങ്ങൾ. പ്രധാനമന്ത്രി ഇന്ത്യയുടെ ശബ്ദം കേൾക്കുന്നില്ല. മോദി അദാനിക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്. മോദി അമിത് ഷായുടെയും അദാനിയുടെയും വാക്കുകൾ മാത്രമാണ് കേൾക്കുന്നത്. രാജ്യത്തുടനീളം ഭാരതമാതാവിനെ കൊലപ്പെടുത്തുകയാണ് ഇവർ”-രാഹുൽ കുറ്റപ്പെടുത്തി.