റോം: മെഡിറ്ററേനിയനെ വീണ്ടും കണ്ണീർ കടലാക്കി അഭയാർഥി ദുരന്തം. ആഫ്രിക്കൻ രാജ്യമായ തുനീഷ്യയിൽ സഫാക്സ് തുറമുഖത്തുനിന്ന് പുറപ്പെട്ട ബോട്ട് ഇറ്റാലിയൻ ദ്വീപായ ലാംപെഡുസക്കു സമീപം തകർന്ന് 41 അഭയാർഥികൾ മുങ്ങിമരിച്ചു. നാലു പേർ രക്ഷപ്പെട്ടു. ദുരന്തത്തിനിരയായവരിൽ കുട്ടികളുമുണ്ട്.
ദിവസങ്ങൾക്ക് മുമ്പുണ്ടായ ദുരന്തം ഏറെ വൈകിയാണ് പുറംലോകമറിയുന്നത്. 45 പേരുമായി പുറപ്പെട്ട ബോട്ട് മണിക്കൂറുകൾ കഴിഞ്ഞ് ശക്തമായ തിരമാലയിൽ മറിയുകയായിരുന്നു. നാലു പേരെ ഇതുവഴി കടന്നുപോയ ചരക്കുകപ്പലാണ് രക്ഷപ്പെടുത്തിയത്. ഈ വർഷം മാത്രം മെഡിറ്ററേനിയൻ കടക്കാനുള്ള ശ്രമത്തിനിടെ സമാന ദുരന്തങ്ങളിൽ 1800 പേരുടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്. ഒരു പതിറ്റാണ്ടിനിടെ ഇത് 17,000 ആണ്. കഴിഞ്ഞ ആഴ്ച രണ്ട് ബോട്ടുകൾ അപകടത്തിൽപെട്ടതായി ഇറ്റാലിയൻ അധികൃതർ സ്ഥിരീകരിച്ചിരുന്നു.
തുനീഷ്യൻ തുറമുഖം വഴി നിരവധി പേരാണ് യൂറോപ്പിലേക്ക് കടക്കുന്നത്. ദിവസങ്ങൾക്കിടെ ലാംപെഡുസ ദ്വീപിൽ മാത്രം 2,000 പേർ അഭയം തേടിയതായാണ് കണക്ക്. തുനീഷ്യയിൽ സമീപകാലത്തായി ആഫ്രിക്കൻ വംശജർക്കുനേരെ ശക്തിയാർജിച്ച അതിക്രമങ്ങൾ പലായനത്തിനിടയാക്കുന്നുവെന്നാണ് റിപ്പോർട്ട്.