കോഴിക്കോട്: യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിനുള്ള സ്റ്റേ കോടതി നീക്കി. തിരഞ്ഞെടുപ്പ് നടത്തുന്നത് സംഘടന ചട്ടങ്ങൾക്ക് വിരുദ്ധമായാണെന്ന് കാണിച്ച് സ്ഥാനാർത്ഥി ഷഹബാസ് വടേരി നൽകിയ ഹരജി പിൻവലിച്ചതോടെയാണ് കോടതി സ്റ്റേ നീക്കിയത്. ഇതോടെ ഓൺലൈനായുള്ള തിരഞ്ഞെടുപ്പ് നടപടികളുമായി യൂത്ത് കോൺഗ്രസിന് മുന്നോട്ട് പോകാം.
വോട്ടർ പട്ടികയില്ലാതെ തിരഞ്ഞെടുപ്പ് നടത്തുന്നത് ചട്ടലംഘനമാണെന്ന് കാണിച്ചായിരുന്നു ഷഹബാസ് വടേരി കോഴിക്കോട് മുൻസിഫ് കോടതിയിൽ ഹരജി നൽകിയത്. ഹരജി പരിശോധിച്ച് തിരഞ്ഞെടുപ്പ് നിർത്തി വയ്ക്കാനും ഭരണഘടന ഹാജരാക്കാനും പ്രിൻസിപ്പൽ മുനിസിഫ് മജിസ്ട്രേറ്റ് ടി ആൻസി ഉത്തരവിട്ടെങ്കിലും ഓൺലൈൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പാസാക്കിയ പ്രമേയമാണ് യൂത്ത് കോൺഗ്രസ് ഹാജരാക്കിയത്. എന്നാൽ ഇതു സംബന്ധിച്ച ഹരജി പരാതിക്കാരൻ പിൻവലിച്ചതോടെയാണ് കോടതി സ്റ്റേ നീക്കിയത്.
എന്നാൽ കോടതി സ്റ്റേ നീക്കം ചെയ്ത് ഹരജി തള്ളിയപ്പോഴാണ് ഷഹബാസ് വടേരി ഹരജി പിൻവലിക്കാൻ തയ്യാറായതെന്ന് യൂത്ത് കോൺഗ്രസ് അഭിഭാഷകൻ പറയുന്നു. ആറ് ലക്ഷത്തിൽ പരം അംഗങ്ങൾ ഇതിനകം ഓൺലൈൻ വോട്ടിംഗിന്റെ ഭാഗമായിട്ടുണ്ട്. സ്റ്റേ പിൻവലിച്ചതോടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് നിർത്തി വച്ചിരുന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.