അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴക്ക് സാധ്യത. മേഘാവൃതമായ കാലാവസ്ഥയായിരിക്കും വ്യാഴാഴ്ചയുണ്ടാവുകയെന്ന് യുഎഇ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
ഉച്ചയോടെ കിഴക്കൻ തീരത്ത് മഴ മേഘങ്ങൾ വികസിക്കും. കിഴക്കൻ പ്രദേശങ്ങളായ ഫുജൈറയിലും അബുദാബി, അൽ ഐൻ എന്നിവിടങ്ങളിലെ തെക്കൻ പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ട്. പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച ഷാർജയുടെ ചില ഭാഗങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു.
അതേസമയം ഉയർന്ന താപനില നിലനിൽക്കുന്നുണ്ട്. തീരപ്രദേശങ്ങളിലും ദ്വീപുകളിലും 42 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെയും പർവതങ്ങളിൽ 35 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും. ഉൾപ്രദേശങ്ങളിൽ താപനില 44-48 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് കരുതുന്നത്. തീരപ്രദേശങ്ങളിലും ദ്വീപുകളിലും ഈർപ്പം 65-90 ശതമാനവും ഉൾപ്രദേശങ്ങളിൽ 60-85 ശതമാനവുമായിരിക്കും. വടക്കുകിഴക്ക് ദിശയിലുള്ള കാറ്റ് 15 മുതൽ 25 വരെ വേഗത്തിൽ മണിക്കൂറിൽ 45 കി.മീ വരെ വീശുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.