Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതിരഞ്ഞെടുപ്പ് കമ്മീഷനെ മോദിയുടെ കൈയിലെ പാവയാക്കാനുള്ള ശ്രമം; ബില്ലിനെതിരെ കോണ്‍ഗ്രസ്

തിരഞ്ഞെടുപ്പ് കമ്മീഷനെ മോദിയുടെ കൈയിലെ പാവയാക്കാനുള്ള ശ്രമം; ബില്ലിനെതിരെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറേയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും തിരഞ്ഞെടുക്കുന്ന സമിതിയില്‍ നിന്നും ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാരിന്റെ ശ്രമം ലജ്ജാകരമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രധാനമന്ത്രിയുടെ കൈയിലെ പാവയാക്കാനുള്ള നഗ്നമായ ശ്രമമാണ് നടക്കുന്നതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് നിയമ നിര്‍മ്മാണം കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തെ ജനാധിപത്യശക്തികള്‍ പ്രതിരോധിക്കണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവുമായ ഈ നീക്കത്തെ പ്രതിപക്ഷം എല്ലാ നിലക്കും എതിര്‍ക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ബില്ല് അവതരിപ്പിക്കുന്നതിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണം പ്രധാനമന്ത്രി നരേന്ദ്രമോദിയിലേക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായിലേക്കും എത്തുമെന്ന് കോണ്‍ഗ്രസ് എംപി മണിക്കം ടാഗൂര്‍ വിമര്‍ശിച്ചു.

ഇത് സംബന്ധിച്ച ഭേദഗതി ബില്‍ ഇന്നാണ് കേന്ദ്രം രാജ്യസഭയില്‍ അവതരിപ്പിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട കഴിഞ്ഞ മാര്‍ച്ചിലെ സുപ്രിം കോടതി വിധി മറികടക്കാനാണ് നിയമ നിര്‍മ്മാണം.

പ്രധാനമന്ത്രി, സുപ്രിം കോടതി ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ കക്ഷി നേതാവ് എന്നിവര്‍ ഉള്‍ക്കൊള്ളുന്നതാകണം തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്ന സമിതി എന്നതായിരുന്നു സുപ്രീം കോടതി വിധി. രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് 2023 മാര്‍ച്ചില്‍ സുപ്രീംകോടതി നിര്‍ണായക വിധി പ്രസ്താവിച്ചത്. ഈ സമിതിയില്‍ നിന്നാണ് ഇപ്പോള്‍ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത്. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയില്‍ പ്രതിപക്ഷ കക്ഷി നേതാവും പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന കേന്ദ്ര മന്ത്രിയുമാകും ഉണ്ടാവുക. തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനവും കാലയളവും ഭേദഗതി ചെയ്യുന്ന ബില്‍ കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‍വാളാണ് രാജ്യസഭയില്‍ അവതരിപ്പിച്ചത്. ബില്‍ അവതരിപ്പിച്ചതിന് പിന്നാലെ ഉടലെടുത്ത പ്രതിപക്ഷ പ്രതിഷേധത്തില്‍ രാജ്യസഭാ ഇന്നത്തേക്ക് പിരിഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments