തിരുവനന്തപുരം : സി.എം.ആർ.എല്ലിൽ നിന്ന് പണം വാങ്ങിയെന്ന് സമ്മതിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാർട്ടിക്ക് വേണ്ടി കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിലാണ് പണം വാങ്ങിയതെന്ന് രമേശ് ചെന്നിത്തല വിശദീകരിച്ചു. പ്രത്യുപകാരമായി ഒരു സഹായവും ചെയ്തിട്ടില്ലെന്നും എന്ത് ഉദ്ദേശം വച്ചാണ് കർത്ത സംഭാവന നൽകിയതെന്നറിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
താൻ ഈ വിഷയത്തിൽ ഒളിച്ചോടിയിട്ടില്ല. വീണയ്ക്ക് പണം നൽകിയത് അഴിമതി തന്നെയാണ്. ഞാൻ പണം വാങ്ങിയത് പാർട്ടിക്ക് വേണ്ടിയാണ്. കർത്തയെ പോലുള്ളവരോട് പണം വാങ്ങിക്കരുതെന്ന വി.എം., സുധീരന്റെ പരാമർശത്തിൽ പ്രതികരിക്കാനില്ലെന്നും ചെന്നിത്തല പറഞ്ഞു.സി.എം.ആർ.എല്ലിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് മാസപ്പടി കിട്ടിയെന്ന് ആദായ നികുതി തർക്ക പരിഹാര ബോർഡിന്റെ വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
തുടക്കത്തിൽ ആവേശത്തോടെ വിഷയം ഏറ്റെടുത്ത പ്രതിപക്ഷം പക്ഷേ പണം നൽകിയവരുടെ വിശദാംശങ്ങൾ പുറത്തുവന്നതോടെ തണുപ്പൻ മട്ടിലായി. ആദായ നികുതി വകുപ്പ് വിശദാംശങ്ങൾ തേടിയപ്പോൾ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ പേരുകളും പുറത്തുവന്നു, ഇതോടെ യു.ഡി എഫ് പിൻവാങ്ങുകയായിരുന്നു.