അബുദാബി: രണ്ട് മാസത്തെ മധ്യവേനലവധിക്ക് ശേഷം ദുബായിലെ സ്വകാര്യ സ്‌കൂളുകള്‍ ഈ മാസം ഇരുപത്തിയൊന്നിന് തുറക്കും. കുട്ടികളെ വരവേല്‍ക്കാനുളള അവസാനഘട്ട ഒരുക്കത്തിലാണ് ദുബായിലെ സ്‌കൂളുകള്‍. ജൂണ്‍ അവസാനമാണ് മധ്യവേനലവധിക്കായി ഇന്ത്യന്‍ സ്‌കൂളുകള്‍ അടക്കം അടച്ചത്. ഈ വര്‍ഷത്തെ അവധി ദിവസങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് ഡിസംബര്‍ പതിനൊന്നിന് ശൈത്യകാല അവധി ആരംഭിക്കുമെന്ന് നോളഡ്ജ് ആൻഡ് ഹ്യൂമൺ ഡെവലപ്പമെൻ്റ് അതോറിറ്റി (കെഎച്ച്ഡിഎ) അറിയിച്ചു.
ശൈത്യകാല അവധിക്ക് ശേഷം 2024 ജനുവരി രണ്ടിന് വീണ്ടും സ്‌കൂളുകള്‍ തുറക്കും. മാര്‍ച്ച് ഒന്നിനും 31നും ഇടയില്‍ 2023-2024 അധ്യയന വര്‍ഷം അവസാനിക്കുമെന്നും കെഎച്ച്ഡിഎയുടെ അക്കാദമിക് കലണ്ടര്‍ വ്യക്തമാക്കുന്നു. അവധിക്കാലത്തില്‍ ചെറിയ മാറ്റം വരുത്തുന്നതിന് സ്‌കൂളുകള്‍ക്ക് കെഎച്ച്ഡിഎ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അധ്യയന വര്‍ഷത്തിലെ പ്രവര്‍ത്തിദിനങ്ങള്‍ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന രീതിയില്‍ തന്നെ പിന്‍തുടരണം.
സെപ്തംബറില്‍ അധ്യയന വര്‍ഷം ആരംഭിക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ക്കും ഡിസംബര്‍ പതിനൊന്ന് മുതലാണ് ശൈത്യകാല അവധി. മാര്‍ച്ച് ഇരുപത്തിയഞ്ചിന് വസന്തകാല അവധി ആരംഭിക്കും. ജൂൺ ഇരുപത്തിയെന്നിനാണ് സെപ്തംബറില്‍ തുടങ്ങുന്ന സ്‌കൂളുകളുടെ അധ്യയന വര്‍ഷം അവസാനിക്കുക.