മനാമ: മലയാളത്തിന്റെ സ്വന്തം ദേശീയോത്സവത്തിന് ഒരുക്കം കൂട്ടി ബഹ്റൈനിലെ മലയാളി കലാകാരന്മാർ. പതിവുപോലെ അണിയറയില്‍ ഒരുങ്ങുന്നത് ഒട്ടേറെ ഒാണപ്പാട്ടുകളുടെ ആൽബങ്ങൾ. ഇതിന്റെ കേരളത്തനിമയുള്ള ദൃശ്യങ്ങളുടെ ചിത്രീകരണത്തിന് ഏറെ അലയേണ്ടി വരുന്നുണ്ടെങ്കിലും എല്ലാവരും മുന്നോട്ട് തന്നെ. സംഗീത ആൽബങ്ങളുടെയും മറ്റും അണിയറയിൽ പ്രവർത്തിക്കുന്നവരെല്ലാം പ്രവാസികൾ തന്നെ. ഒാണമെത്തുന്നതിന് മുൻപ് ആൽബങ്ങൾ പൂർത്തിയാക്കാനാണ് തീരുമാനം.
ആൽബത്തിന്റെ ചിത്രീകരണത്തിൽ നിന്ന്. ചിത്രം : രാജേഷ് മാഹി
നാട്ടിലെ ഉത്സവങ്ങളും ഓരോ ആഘോഷങ്ങളും ലോകത്തിന്റെ ഏതു കോണിലായാലും പ്രവാസികളിൽ ഗൃഹാതുരത്വമുണർത്താറുണ്ട്. അതുകൊണ്ടു തന്നെ നാട്ടിൽ പ്രവാസിക്ക് നഷ്ടപ്പെടുന്ന ഇത്തരം ആഘോഷങ്ങളും ഉത്സവങ്ങളും ഏതു വിധേനയും പ്രവാസലോകത്തും പ്രാവർത്തികമാക്കാനാണ് ഓരോ പ്രവാസിയും ആഗ്രഹിക്കുന്നത്. ചിങ്ങം വരുന്നതോടെ ഓണാഘോഷങ്ങളുടെ ഇരമ്പലാണ് ഓരോ പ്രവാസിയുടെയും മനസ്സിൽ. ഓണം എത്തിയാൽ കലയും കവിതയും മനസ്സിലുള്ള, ലോകത്തിന്റെ ഏതു കോണിലുള്ള പ്രവാസിക്കും വെറുതെ ഇരിക്കാൻ കഴിയില്ല. അവർ പ്രവാസലോകത്തെ പരിമിതിക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ തങ്ങളുടെ സർഗാത്മകതയെ പാട്ടുകൾ കൊണ്ടും കലാവിരുതിലൂടെയും പരിപോഷിപ്പിക്കാൻ ശ്രമിക്കുമെന്നതിന് നല്ലൊരു ഉദാഹരണമാണ് ബഹ്‌റൈനിൽ ഓണത്തിന് പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന ‘ഓണമായെടി പെണ്ണേ.. ‘ എന്ന സംഗീത ആൽബം.
പച്ചപ്പുകൾ വളരെ കുറച്ചു മാത്രമുള്ള ഈ വേനൽക്കാലത്ത് ബഹ്റൈനിലെ പച്ചപ്പുകൾ തേടി ശരിക്കും അലഞ്ഞു കൊണ്ടാണ് ഈ കലാകാരന്മാർ ഈ ഓണം വിഡിയോ ആൽബം പൂർത്തീകരിച്ചിരിക്കുന്നത്. ജെ വി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജിതേഷ് വേളം രചനയും സംവിധാനവും നിർവഹിച്ച ഓണ ആൽബത്തിൽ നിരവധി പ്രവാസി കലാകാരന്മാർ അഭിനയിച്ചിരിക്കുന്നു.
കഴിഞ്ഞ വർഷം ഒരുക്കിയ ഓണപ്പാട്ടിന്റെ വിജയത്തെ തുടർന്നാണ് ഈ വർഷവും ചൂട് സഹിച്ചും ഇത്തരം സംരംഭത്തിന് മുതിർന്നതെന്ന് സംവിധായകനായ ജിതേഷ് വേളം പറഞ്ഞു. കേരളം എന്ന് തോന്നിപ്പിക്കുന്ന സ്‌ഥലം ലൊക്കേഷൻ ആയി കിട്ടാൻ വളരെ ബുദ്ധിമുട്ടി. എന്നാലും പൂക്കൂടയും ചെണ്ടയും ഒക്കെ ഒരുക്കി കേരളത്തനിമയിൽ പട്ടുപാവാടയിട്ട കുട്ടികൾ അടക്കമുള്ളവരെ അഭിനയിപ്പിച്ചാണ് ആല്‍ബം പൂർത്തീകരിക്കാനായത് .
” മേലേ വാനം മഴവില്ല് തീർത്തു, താഴെ ഭൂമിയിൽ പൂക്കളം തീർത്തു” എന്ന ഗാനമാണ് ഈ ആൽബത്തിലുള്ളത്. സംഗീത സംവിധായകൻ, ഗായകൻ, മാധ്യമ പ്രവർത്തകൻ എന്നീ മേഖലകളിൽ ശ്രദ്ധേയനായ രാജീവ് വെള്ളിക്കോത്ത് സംഗീതം ചെയ്ത ഈ ഗാനം യുവ ഗായകൻ അരുൺ കുമാർ പാലേരിയാണ് പാടിയത്. വിഷ്ണു നട്ടത്തും രാജേഷ് മാഹിയുമാണ് ക്യാമറ കൈകാര്യം ചെയ്തത്, ബിനോജ് പാവറട്ടി, രമ്യ ബിനോജ്, സാന്ദ്രാ നിഷിൽ എന്നിവർ കോറിയോഗ്രാഫിയും ചെയ്തു. എഡിറ്റിങ് നിഖിൽ വടകര. കഴിഞ്ഞ ദിവസം ആൽബത്തിന്റെ പോസ്റ്റർ പ്രകാശനം നടന്നു. ഇൗ മാസം 20 ന് ജെ വി മീഡിയ യൂട്യൂബിൽ ആൽബം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.