ദുബെെ: യു.എ.ഇയിൽ കനത്ത കാറ്റും മഴയും തുടരുന്നു. കിഴക്കൻ മേഖലയിൽ രാത്രി മുഴുവൻ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പലയിടത്തും ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ദുബൈ നഗരത്തിൽ വൈകുന്നേരം ശക്തമായ പൊടിക്കാറ്റും അനുഭവപ്പെട്ടു. റാസൽഖൈമ, ഫുജൈറ മുതൽ അബൂദബി വരെ മിക്ക എമിറേറ്റുകളുടെയും കിഴക്കൻ മേഖലയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ഈ മേഖലയിലെല്ലാം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഫുജൈറ, അൽഐനിലെ നഹാൽ പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്.
അസ്ഥിര കാലാവസ്ഥ തുടരുന്നതിനാൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശം നൽകി. വരും ദിവസങ്ങളിൽ ദുബൈ, അൽ ഐൻ, ഷാർജ, ഫുജൈറ എന്നീ നഗരങ്ങളിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നാണാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അപകട സാധ്യത കണക്കിലെടുത്ത് പ്രാദേശിക അതോറിറ്റികൾ പുറപ്പെടുവിക്കുന്ന സുരക്ഷ നിർദേശങ്ങൾ പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. മഴയിലും പൊടിക്കാറ്റിലും ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണം.