Sunday, November 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതദ്ദേശ ഉപതെരഞ്ഞെടുപ്പ്: ഒൻപതിടത്ത് യുഡിഎഫ്, ഏഴിടത്ത് എൽഡിഎഫ്, കൊല്ലത്ത് സിപിഎം വാർഡ് പിടിച്ച് ബിജെപി

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ഒൻപതിടത്ത് യുഡിഎഫ്, ഏഴിടത്ത് എൽഡിഎഫ്, കൊല്ലത്ത് സിപിഎം വാർഡ് പിടിച്ച് ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നിൽ. 17 വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒൻപതിടത്ത് യുഡിഎഫും ഏഴിടത്ത് എൽഡിഎഫും ജയിച്ചു. ഒരു സീറ്റ് ബിജെപി നേടി. എൽഡിഎഫിന് മൂന്ന് സിറ്റിംഗ് സീറ്റുകൾ നഷ്ടമായപ്പോൾ പുതുതായി മൂന്നെണ്ണം പിടിച്ചെടുക്കാനായി. യുഡിഎഫിന് മൂന്നെണ്ണം നഷ്ടമായപ്പോൾ രണ്ട് സീറ്റുകൾ പിടിച്ചെടുത്തു. സിപിഎമ്മിൽ നിന്നാണ് ഒരു വാർഡ് ബിജെപി പിടിച്ചെടുത്തത്.

ഒൻപത് ജില്ലകളിലായി 2 ബ്ലോക്ക് പഞ്ചായത്ത്, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. 22 വനിതകൾ അടക്കം ആകെ 54 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. മലപ്പുറം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് വാര്‍ഡുകളും യുഡിഎഫ് നിലനിര്‍ത്തി.  പെരിന്തല്‍ ബ്ലോക്ക് പഞ്ചായത്ത് ചെമ്മാണിയോട് ഡിവിഷനില്‍ യുഡിഎഫിന്റെ യു ടി മുര്‍ഷിദ് ജിയിച്ചു. പുഴക്കാട്ടിരി പഞ്ചായത്ത് വാര്‍‍ഡ് 15 ല്‍ യുഡിഎഫിന്റെ അബ്ദുള്‍ അസീസ് ജയിച്ചു. ചുങ്കത്തറ പഞ്ചായത്ത് 14 വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി മൈമൂനയും തുവ്വൂര്‍ പഞ്ചായത്ത് 11 വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തയ്യില്‍ അയ്യപ്പനും ‍ജയിച്ചു. ചുങ്കത്തറ കളക്കുന്ന് വാര്‍ഡില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം ആയിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യുഡിഎഫ് ജയിച്ചതോടെ ഇരു കക്ഷികള്‍ക്കും പഞ്ചായത്തിൽ പത്ത് വീതം അംഗങ്ങളായി. ഭരണം നിശ്ചയിക്കാന്‍ നറുക്കെടുപ്പ് വേണ്ടിവരും.

എറണാകുളം ജില്ലയിൽ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ നാലിൽ നാലിടത്തും യുഡിഎഫിന് വിജയം. രണ്ട് സീറ്റ് എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. എന്നാൽ ഉപതെരഞ്ഞെടുപ്പ് ഫലം ജില്ലയിലെ പഞ്ചായത്തുകളിൽ എവിടെയും ഭരണമാറ്റാം ഉണ്ടാക്കില്ല. വടക്കൻ പറവൂരിലെ ഏഴിക്കര, വടക്കേക്കര പഞ്ചായത്തത്തുകളിലും വൈപിനിലെ പള്ളിപ്പുറം പഞ്ചായത്തിലും അങ്കമാലി മൂക്കന്നൂർ പഞ്ചായത്തിലുമാണ് യുഡിഎഫ് മികച്ച വിജയം നേടിയത് പള്ളിപ്പുറം പഞ്ചായത്തിലെ പത്താം വാർഡിലും, ഏഴിക്കര പഞ്ചായത്തിലെ മൂന്നാം വാർഡിലുമാണ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് സീറ്റ് പിടിച്ചെടുത്തത്. നാലിൽ മൂന്നിടത്തും വാർഡ് മെമ്പർമാർ രാജി വെച്ച് വിദേശത്തേക്ക് പോയ ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വടക്കേക്കര പഞ്ചായത്ത് പതിനൊന്നാം വാർഡിൽ മെമ്പർ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

കോഴിക്കോട്  വേളം പഞ്ചായത്തിലെ പാലോടിക്കുന്ന് വാർഡ് യുഡിഎഫ് നിലനിർത്തി. മുസ്ലിം ലീഗിലെ ഇ.പി. സലിം 42 വോട്ടുകൾക്ക് എൽഡിഎഫ് സ്വതന്ത്രൻ  പി.പി. വിജയനെ തോൽപ്പിച്ചു. 17 വാർഡുകളുള്ള വേളത്ത് യു ഡി എഫിന് പത്ത് സീറ്റുകളായി. പാലക്കാട്  പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ താനിക്കുന്ന്  വാർഡ്  ഇടത് മുന്നണി പിടിച്ചെടുത്തു. സിപിഎമ്മിലേ പി മനോജ് 303 വോട്ടുകൾക്ക് കോൺഗ്രസിലെ ഉണ്ണികൃഷ്ണനെ തോൽപിച്ചു.  കൊല്ലം തെന്മല ഗ്രാമപഞ്ചായത്ത് ഒറ്റക്കൽ അഞ്ചാം വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ എസ്. അനുപമ 34 വോട്ടിന് വിജയിച്ചു. കൊല്ലം ആദിച്ചനല്ലൂർ പഞ്ചായത്ത് പുഞ്ചിരിച്ചിറ രണ്ടാം വാർഡ് സി പി എം സിറ്റിംഗ് സീറ്റ് ബി ജെ പി പിടിച്ചെടുത്തു ബിജെപിയുടെ എ എസ് രഞ്ജിത്ത് 100 വോട്ടിന് ഭൂരിപക്ഷത്തിൽ ജയിച്ചു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഭരണ മാറ്റ ഭീഷണിയില്ല.

കണ്ണൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാർഡുകളും എൽഡിഎഫ് നിലനിർത്തി.  മുണ്ടേരി പഞ്ചായത്തിലെ താറ്റിയോട് വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ബി പി റീഷ്മ 393 വോട്ടിനാണ് വിജയിച്ചത്.  ധർമ്മടം പഞ്ചായത്തിലെ പരീക്കടവ് വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ബി ഗീതമ്മ 9 വോട്ടിന്റെ ഭൂരിപക്ഷത്തിലും വിജയിച്ചു. തൃശൂർ മാടക്കത്തറ പഞ്ചായത്തിലെ താണിക്കുടം വാർഡ് എല്‍ഡിഎഫ് സീറ്റ് നിലനിർത്തി. സിപിഐ സ്ഥാനാർഥി മിഥുൻ തീയ്യത്തുപറമ്പിൽ178 വോട്ടുകൾക്ക് ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തി. വൈക്കം മറവന്തുരുത്ത് വാർഡിൽ സിപിഎമ്മിന്റെ രേഷ്മ പ്രവീൺ വിജയിച്ചു. ആലപ്പുഴ തലവടി കോടമ്പനാടി വാർഡിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ പി രാജന്‍  197 വോട്ടിന് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച വിശാഖ് വിദേശത്ത് പോയതിനാലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments