രാമങ്കരി: ആലപ്പുഴ രാമങ്കരിയിൽ സിപിഐഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി. വനിതാ പഞ്ചായത്തംഗമാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പരാതിക്കാരിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും വനിതാ പൊലീസ് ഇല്ലാത്തതിനാൽ മൊഴിയെടുക്കാനായില്ല. മൊഴിയെടുക്കുന്നതിനായി വെള്ളിയാഴ്ച വീണ്ടും വിളിപ്പിച്ചിട്ടുണ്ട്. ഒക്ടോബറിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടക്കുന്നത്.
ഒക്ടോബറിൽ തന്നെ ലോക്കൽ കമ്മിറ്റിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് സംസ്ഥാന സെക്രട്ടറിക്കും പരാതി നൽകി. നടപടി ഒന്നും കാണാത്തതിനാൽ പരാതിക്കാരി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നേരിട്ട് അന്വേഷിച്ചു. ജില്ലാ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകാനായി നിർദ്ദേശം നൽകിയിട്ടുണ്ടെന്നായിരുന്നു ഓഫീസിൽ നിന്ന് അറിയിച്ചത്. രണ്ട് മാസത്തിന് ശേഷം ജില്ലാ സെക്രട്ടറിയേറ്റ് അഗം മൊഴിയെടുത്തെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. റിപ്പോർട്ട് ലഭിച്ചില്ല എന്നാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പറഞ്ഞത്.
നടപടി എടുത്തില്ലെന്ന് മാത്രമല്ല പരാതി നൽകുന്ന സമയത്ത് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കുറ്റാരോപിതനെ ഏരിയ കമ്മിറ്റി അംഗമാക്കി മാറ്റുകയും ചെയ്തു. പോഷക സംഘടനാ ചുമതല കൂടി നല്കി ഇയാളെ പാർട്ടി സംരക്ഷിക്കുന്നെന്ന് തോന്നിയതോടെയാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.