ന്യൂഡല്‍ഹി: നാളെ നടക്കാനിരുന്ന ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പിന് സ്റ്റേ. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്. ഗുസ്തി താരങ്ങളുടെ ഗുരുതര ആരോപണങ്ങള്‍ക്ക് വിധേയനായ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ് മത്സരം നടക്കാനിരുന്നത്.ഹരിയാന ഗുസ്തി ഫെഡറേഷന്റെ ഹര്‍ജിയിലാണ് നടപടി. ഹരിയാന അമച്വര്‍ റെസ്ലിംഗ് അസോസിയേഷന് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവകാശം നല്‍കിയത് ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വിനോദ് എസ് ഭരദ്വാജിന്റെ ഉത്തരവ്.
ഹരിയാന അമച്വര്‍ റെസ്ലിംഗ് അസോസിയേഷന്‍ ഡബ്ല്യുഎഫ്ഐയുമായി അഫിലിയേറ്റ് ചെയ്തിരിക്കാം, എന്നാല്‍ ഹരിയാന ഒളിംപിക്‌സ് അസോസിയേഷനുമായി അഫിലിയേറ്റ് ചെയ്തിട്ടില്ല. അതിനാല്‍ അവര്‍ക്ക് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവകാശമില്ല എന്ന് ഹരിയാന റെസിലിംഗ് ഫെഡറേഷന്‍ വാദിച്ചു. പ്രഥമദൃഷ്ട്യാ ഹരിയാന അമച്വര്‍ റെസ്ലിംഗ് അസോസിയേഷന് വോട്ട് ചെയ്യാന്‍ അര്‍ഹതയില്ലെന്ന് നിരീക്ഷിച്ചാണ് കോടതി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്.ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബ്രിജ് ഭൂഷന് ജാമ്യം അനുവദിച്ചിരുന്നു. മൂന്ന് തവണയായി 12 വര്‍ഷം പൂര്‍ത്തിയാക്കിയതിനാല്‍ ബ്രിജ് ഭൂഷണ് മത്സരിക്കാന്‍ കഴിയില്ല. അധ്യക്ഷനായില്ലെങ്കിലും ഫെഡറേഷനെ നിയന്ത്രണത്തില്‍ നിര്‍ത്താനുള്ള നീക്കമാണ് ബ്രിജ് ഭൂഷന്‍ നടത്തിയത്.പ്രസിഡന്റ് സ്ഥാനത്തേക്ക് ഉത്തര്‍പ്രദേശില്‍നിന്നുള്ള സഞ്ജയ്കുമാര്‍ സിങ്ങാണ് ബ്രിജ്ഭൂഷന്റെ സ്ഥാനാര്‍ഥി.
എതിരാളി 2010 കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേത്രിയായ അനിത ഷിയോണാണ്. മത്സരരംഗത്തുള്ള ഏകവനിതയാണ് അനിത.ഒരു സീനിയര്‍ വൈസ് പ്രസിഡന്റ്, നാല് വൈസ് പ്രസിഡന്റ്, രണ്ട് ജോയിന്റ് സെക്രട്ടറി, അഞ്ച് എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരെയാണ് സംസ്ഥാന അസോസിയേഷന്‍ പ്രതിനിധികള്‍ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കേണ്ടത്.മുന്‍ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനും സെക്രട്ടറി ജനറലുമായിരുന്ന കര്‍താര്‍സിങ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.