മംഗളൂരു: മിഠായിയിൽ കഞ്ചാവ് ചേർത്ത് കുട്ടികൾക്കു വിൽപന നടത്തിവന്ന രണ്ട് വ്യാപാരികൾ അറസ്റ്റിൽ. മംഗളൂരു നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടു കടകളിൽനിന്നാണ് മിഠായികളടക്കം വൻ കഞ്ചാവ് വേട്ട നടന്നത്. 118 കി.ഗ്രാമിന്റെ ‘കഞ്ചാവുമിഠായി’കളാണു കടകളിൽനിന്നു പിടിച്ചെടുത്തത്.
കഞ്ചാവ് ചേർത്ത മിഠായിക്കു കുട്ടികൾക്കിടയിൽ വൻ ഡിമാൻഡായിരുന്നു. ഇതിനു പുറമെ മിഠായി കഴിച്ച കുട്ടികളുടെ പെരുമാറ്റത്തിലും അസ്വാഭാവിക മാറ്റങ്ങൾ ശ്രദ്ധിച്ചതോടെയാണ് രക്ഷിതാക്കളുടെ ഒരു സംഘം മംഗളൂരു പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് കടകളിൽ നടത്തിയ റെയ്ഡിലാണ് മിഠായിയുടെ മറവിലുള്ള കഞ്ചാവ് വിൽപന പിടിയിലായത്.
ഒന്നിന് 20 രൂപ നിരക്കിലാണ് മിഠായി വിതരണം ചെയ്തുവന്നിരുന്നത്. ഇത്തരത്തിലുള്ള 118 കി.ഗ്രാമിന്റെ മിഠായിപ്പൊതികൾ രണ്ട് കടകളിൽനിന്നായി പൊലീസ് പിടിച്ചെടുത്തു. ഒരു കടയിൽനിന്ന് 83 കി.ഗ്രാമും മറ്റൊരു കടയിൽനിന്ന് 35 കി.ഗ്രാമും പിടികൂടി. രണ്ടു കടകളുടെയും ഉടമകളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇവർ ഇപ്പോൾ ജുഡിഷ്യൽ കസ്റ്റഡിയിലാണുള്ളത്.
മിഠായിപ്പൊതികളുടെ സാംപിളുകൾ വിശദമായ പരിശോധനയ്ക്കായി ഫോറൻസിക് സയൻസ് ലാബിലേക്ക് അയച്ചിരിന്നതായി മംഗളൂരു പൊലീസ് കമ്മിഷണർ കുൽദീപ് ജെയിൻ അറിയിച്ചു. മിഠായികളിൽ കഞ്ചാവിന്റെ സാന്നിധ്യമുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. തുടർന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു കടയുടമകളെ അറസ്റ്റ്് ചെയ്തതെന്നും ഉത്തർപ്രദേശിൽനിന്നാണു പ്രതികൾ കഞ്ചാവ് എത്തിച്ചിരുന്നതെന്നും കമ്മിഷണർ പറഞ്ഞു.