അബുദാബി: സമുദ്ര മേഖലയിലെ ഭീഷണികള്‍ ഒന്നിച്ചു നേരിടാന്‍ ഇന്ത്യ-യുഎഇ നാവിക സേനകള്‍ തമ്മില്‍ ധാരണ. രക്ഷാ പ്രവര്‍ത്തനം, മാനുഷിക സഹായം തുടങ്ങിയ മേഖലയിലും ഒന്നിച്ച് പ്രവര്‍ത്തിക്കും. ഇന്ത്യ-യുഎഇ സംയുക്ത നാവികാഭ്യാസത്തിനായി ദുബായില്‍ എത്തിയ ഇന്ത്യന്‍ നാവിക സേന ഉദ്യാഗസ്ഥരും യുഎഇ സേനയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
ഐഎന്‍എസ് ത്രികാന്ത്, ഐഎന്‍എസ് വിശാഖ പട്ടണം എന്നീ യുദ്ധക്കപ്പലുകളുമായാണ് ഇന്ത്യയില്‍ നിന്നുള്ള നാവിക സേനാ സംഘം സംയുക്ത നാവികാഭ്യാസത്തിനായി യുഎഇയില്‍ എത്തിയത്. ഇന്ത്യന്‍ നാവിക സേനയുടെ റിയര്‍ അഡ്മിറല്‍ വിനീത് മക്കര്‍ത്തിയുടെ നേതൃത്വത്തില്‍ യുഎഇ ബ്രിഗേഡിയര്‍ അബ്ദുല്ല ഫര്‍ജ് അല്‍ മഹ്‌റബിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സമുദ്ര മേഖലയില്‍ പരസ്പര സഹകരണം ശക്തമാക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചത്.
സമുദ്ര മേഖലയിലെ ഭീഷണികള്‍ ഒന്നിച്ച് നേരിടുന്നതിനൊപ്പം കടല്‍ വഴിയുള്ള കള്ളക്കടത്ത്, മനുഷ്യക്കടത്ത്, എന്നിവ തടയാനും ഇരുരാജ്യങ്ങളും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കും. രക്ഷാ പ്രവര്‍ത്തനം, മാനുഷിക സഹായം എന്നിവയിലും പരസ്പര സഹകരണം ഉറപ്പാക്കി. ഇതിനായി ഇരു നാവിക സേനകളും തമ്മിലുള്ള ആശയവിനിമയം ശക്തമാക്കാനും ധാരണയായി. നിര്‍ണായക ചര്‍ച്ചകള്‍ക്ക് പിന്നാലെ ഇന്ത്യ- യുഎഇ സംയുക്ത നാവികാഭ്യസവും ദുബായില്‍ നടന്നു.
പ്രതിരോധ മേഖലയില്‍ ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ രണ്ട് യുദ്ധകപ്പലുകളാണ് ദുബായില്‍ എത്തിയത്. റാഷിദ് തുറമുഖത്ത് എത്തിയ കപ്പലുകള്‍ക്കും സേനാംഗങ്ങള്‍ക്കും യുഎഇ നാവികാ സേനാംഗങ്ങള്‍ ഊഷ്മളമായ വരവേല്‍പ്പാണ് നല്‍കിയത്. ഇരു സേനകളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനും യുദ്ധക്കപ്പലുകളുടെ വരവ് സഹായിക്കുമെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.