മഹാത്മാ ഗാന്ധി വധം, ഗുജറാത്ത് കലാപം തുടങ്ങി കേന്ദ്രസർക്കാർ ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരളത്തിലെ കരിക്കുലം കമ്മിറ്റി അത്തരം ഭാഗങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഓണം കഴിഞ്ഞാൽ ഈ ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പാഠപുസ്തകങ്ങൾ സ്‌കൂളിലെത്തും. പരീക്ഷക്ക് ഈ ഭാഗങ്ങളിൽനിന്ന് ചോദ്യമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ശാസ്ത്രത്തെയും ചരിത്രത്തെയും സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട കാലഘട്ടമാണ്. കേന്ദ്ര സർക്കാർ ഹയർ സെക്കൻഡറി സിലബസിൽ നിന്നും കുറേ ഭാഗങ്ങൾ ഒഴിവാക്കി. ഗാന്ധി വധം അടക്കം കുട്ടികൾ പഠിക്കേണ്ടതുണ്ട്, കേന്ദ്രം ഇതെല്ലാം ഒഴിവാക്കിയപ്പോൾ സംസ്ഥാനം അത് കുട്ടികളെ പഠിപ്പിക്കുമെന്ന് തീരുമാനിച്ചു. ഒഴിവാക്കിയവ ഉൾപ്പെടുത്തിയുള്ള പുതിയ പുസ്തകം ഓണാവധിക്കു ശേഷം സ്കൂളുകളിലെത്തുമെന്ന് അദ്ദേഹം വിശദീകരിച്ചു.
പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറഞ്ഞുവെന്ന പ്രചാരണത്തിൽ വലിയ കാര്യമില്ല. ഒന്നാം ക്ലാസിൽ മാത്രമാണ് കുട്ടികൾ കുറഞ്ഞത്. രണ്ടു മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിൽ കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.