സോൾ∙ ഉത്തര കൊറിയയിൽ ഉഷ്ണമേഖലാ കൊടുങ്കാറ്റായ ഖനൂൻ വീശിയടിക്കുമെന്ന മുന്നറിയിപ്പു വന്നതിനു പിന്നാലെ ജനങ്ങൾക്ക് വിചിത്രമായ നിർദേശവുമായി ഭരണകൂടം. ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ഉൾപ്പെടുന്ന ഛായാചിത്രങ്ങൾ സംരക്ഷിക്കണമെന്നാണ് രാജ്യത്തെ ജനങ്ങൾക്കു കർശന നിർദേശം നൽകിയിരിക്കുന്നത്.
കനത്ത മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ നിലവിലെ ഭരണാധികാരി കിം ജോങ്-ഉൻ, അദ്ദേഹത്തിന്റെ പിതാവ് കിം ജോങ്-ഇൽ, ഉത്തര കൊറിയയുടെ സ്ഥാപക നേതാവ് കിം ഇൽ-സങ് എന്നിവരുടെ ഛായാചിത്രങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നാണ് നിർദേശം. ഭരണകക്ഷിയായ കൊറിയൻ വർക്കേഴ്‌സ് പാർട്ടിയുടെ ഔദ്യോഗിക പത്രമായ റോഡോങ് സിൻമുൻ ആണ് ഇക്കാര്യം അറിയിച്ചത്.
കിം വംശത്തിന്റെ പൈതൃകം വെളിവാക്കുന്ന പ്രതിമകൾ, ചുവർചിത്രങ്ങൾ, സ്മാരകങ്ങൾ എന്നിവയുടെ സുരക്ഷയ്ക്കും പ്രാധാന്യം നൽകണമെന്നു പത്രം ആഹ്വാനം ചെയ്തു. ഇവയ്ക്കുണ്ടാകുന്ന ആകസ്മികമായ കേടുപാടുകൾ പോലും വധശിക്ഷ ഉൾപ്പെടെയുള്ള ശിക്ഷയിലേക്ക് വരെ നയിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഖനൂൻ അടുത്തിടെ കൊറിയൻ ഉപദ്വീപിൽ കര തൊട്ടിരുന്നു. ഉത്തര കൊറിയയിൽ ഇതു വ്യാപകനാശമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. പ്രളയസാധ്യത ഉൾപ്പെടെ പ്രവചിക്കുന്നുണ്ട്.
അയൽരാജ്യമായ ദക്ഷിണ കൊറിയയിൽ, ഖനൂൻ ഇതിനകം തന്നെ നാശംവിതച്ചിട്ടുണ്ട്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായി. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഉത്തരകൊറിയയിൽ ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നാണ് ഔദ്യോഗിക വാർത്ത ഏജൻസിയായ കെസിഎൻഎ അറിയിച്ചത്. ശക്തമായ കാറ്റ്, മഴ, വേലിയേറ്റം, കടൽക്ഷോഭം എന്നിവയ്ക്കുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി.