സോഷ്യൽ മീഡിയയിലെ പോസ്റ്റിന് 11.45 കോടി രൂപ ഈടാക്കിയെന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വർത്തയ്‌ക്കെതിരെ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി തന്നെ രംഗത്തെത്തിയിട്ടുണ്ട്.
സ്റ്റോക്ക് ഗ്രോ പ്രകാരം 1,000 കോടി രൂപയിലധികം ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരമാണ് വിരാട് കോഹ്‌ലി. ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിന് കോഹ്‌ലി 1,384,000 ഡോളർ സമ്പാദിക്കുന്നുവെന്നായിരുന്നു ഈയിടെ പ്രചരിച്ച വാർത്ത. ഇൻസ്റ്റാഗ്രാമിലെ ഏറ്റവും ധനികരായ അത്‌ലറ്റുകളുടെ പട്ടികയിലും വിരാട് കോഹ്‌ലി ഉൾപ്പെട്ടിരുന്നു.
പുറത്തിറങ്ങിയ 2023 ലെ ഇൻസ്റ്റഗ്രാം റിച്ച് ലിസ്റ്റിൽ കോഹ്‌ലി ഇൻസ്റ്റഗ്രാമിലെ മൂന്നാമത്തെ സമ്പന്നനായ അത്‌ലറ്റായും മികച്ച 25 ലിസ്റ്റിലെ ഏക ഇന്ത്യക്കാരനായും വിലയിരുത്തപ്പെട്ടു. കോഹ്‌ലി ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് 1,384,000 ഡോളർ അതായത് 11 കോടിയിലധികം രൂപ ഈടാക്കിയെന്നാണ് പ്രചരിക്കുന്ന വാർത്ത.എന്നാൽ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ഇടുന്നതിന് താൻ ഇത്രയും വലിയ വില ഈടാക്കുന്നുവെന്ന അവകാശവാദം നിരാകരിച്ച് കോലി തന്നെ ട്വിറ്ററിൽ കുറിച്ചു. ജീവിതത്തിലെ എല്ലാ സമ്പത്തിനും സുഖത്തിനും താൻ വളരെ നന്ദിയുള്ളവനാണെന്നും എന്നാൽ തന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വരുമാനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശരിയല്ലെന്നും അദ്ദേഹം എഴുതി.
ലോകത്തിലെ ഏറ്റവും സമ്പന്നരായ അത്‌ലറ്റുകളുടെ പട്ടികയിൽ കോഹ്‌ലിയും ഉൾപ്പെടുന്നുണ്ട്. വസ്ത്ര ബ്രാൻഡായ WROGN, വൺ 8 കമ്യൂൺ എന്ന പേരിലുള്ള റെസ്റ്റോറന്റുകളുടെ ശൃംഖല എന്നിവയുൾപ്പെടെ ബിസിനസുകളും അദ്ദേഹം നടത്തുന്നുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ടീമായ എഫ്‌സി ഗോവയുടെ സഹ ഉടമ കൂടിയാണ് കോഹ്‌ലി. കോഹ്‌ലിയുടെ ആസ്തി 1000 കോടി രൂപയാണെന്നാണ് റിപ്പോർട്ട്.
സ്റ്റോക്ക് ഗ്രോയുടെ കണക്കുകൾ പ്രകാരം 31 കോടി രൂപയുടെ കാറുകളാണ് കോഹ്‌ലിക്കുള്ളത്. ഔഡി, റേഞ്ച് റോവർ, ഫോർച്യൂണർ തുടങ്ങിയ മുൻനിര കമ്പനികളുടെ കാറുകളാണ് മുംബൈയിലെയും ഡൽഹിയിലെയും ഗാരേജിൽ പാർക്ക് ചെയ്തിരിക്കുന്നത്. അദ്ദേഹം ഒരു ഓഡി പ്രേമിയായതിനാൽ മിക്ക കാറുകളും ഒരേ നിർമ്മാതാവിന്റെതാണ്.