ന്യൂഡല്‍ഹി: അടുത്ത വര്‍ഷം സ്വാതന്ത്ര്യ ദിനത്തില്‍ മോദി ദേശീയപതാക ഉയര്‍ത്തുന്നത് സ്വന്തം വസതിയിലായിരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. 2024ല്‍ അധികാരത്തിലെത്തുമെന്ന് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ മോദി പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഖര്‍ഗെയുടെ വിമര്‍ശനം.
‘മോദി അടുത്ത സ്വാതന്ത്ര്യദിനത്തിലും ദേശീയ പതാക ഉയര്‍ത്തുക തന്നെ ചെയ്യും. എന്നാലത് അദ്ദേഹത്തിന്റെ വസതിയിലാവും. അടുത്ത വര്‍ഷവും ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുമെന്ന് പറഞ്ഞതിലൂടെ മോദിയുടെ അഹങ്കാരമാണ് പുറത്തുവന്നത്’. ഖര്‍ഗെ പറഞ്ഞു.
സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രതിപാദിക്കുന്നതിനൊപ്പം പ്രധാനമന്ത്രി പ്രതിപക്ഷത്തെ വിമര്‍ശിച്ചിരുന്നു. 2024ല്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്ന പ്രതീതിയും പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ഉടനീളം നിറഞ്ഞുനിന്നു.കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിക്കുന്ന പരാമര്‍ശങ്ങളും പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഇടംപിടിച്ചു.
അഴിമതിക്കെതിരായ പോരാട്ടം തുടരേണ്ടത് തന്റെ പ്രതിബദ്ധതയാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി , കുടുംബവാഴ്ചയുടെ രാഷ്ട്രീയം രാജ്യത്തെ നശിപ്പിച്ചുവെന്നും ചൂണ്ടിക്കാണിച്ചു. കുടുംബ വാഴ്ചയുടെ രാഷ്ട്രീയം രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങളെ കവര്‍ന്നെടുത്തെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. പോരാടേണ്ട മൂന്നാമത്തെ വിപത്ത് പ്രീണനമാണെന്നും അത് ദേശീയതയുടെ സ്വഭാവത്തിന് തഴുതിട്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു.