ന്യൂഡൽഹി: രാജ്യത്ത് നിന്നും സ്റ്റാർബക്സിനെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ഹിന്ദുത്വ സംഘടനകൾ. മുംബൈ ആസ്ഥാനമായുള്ള ജനജാഗ്രതി സമിതിയാണ് സ്റ്റാർബക്സിനെതിരെ ബഹിഷ്ക്കരണാഹ്വാനവുമായി രംഗത്തെത്തിയത്. രാജ്യത്തെ എല്ലാ സ്റ്റാർബക്സ് കഫേകളിലും ഹലാൽ മാംസം ഉപയോഗിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നതാണ് ഇവരെ പ്രകോപിപ്പിച്ചത്. സ്റ്റാർബക്സിലെ ഹലാൽ മാംസ ഉപയോഗം മറ്റ് മതസ്ഥരിലേക്കും ഹലാൽ സമ്പ്രദായം അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നാരോപിച്ചാണ് ബഹിഷ്കരണ ആഹ്വാനം.
മുംബൈയിലെ സ്റ്റാർബക്സിൽ യുവതി കഫേ ജീവനക്കാരനോട് ഹലാൽ അല്ലാത്ത മാംസം ഉണ്ടോയെന്ന് ചോദിക്കുകയും, സ്റ്റാർബക്സിൽ പാകം ചെയ്യുന്നവയെല്ലാം ഹലാൽ മാംസം ഉപയോഗിച്ചുള്ള വിഭവങ്ങളാണ് എന്ന ജീവനക്കാരന്‍റെ മറുപടിയും പുറത്തുവന്നതിന് പിന്നാലെയാണ് ബഹിഷ്കരണ വിവാദം രൂക്ഷമായത്.
ഹിന്ദുക്കളെ ഹലാൽ ഭക്ഷണം കഴിക്കാൻ നിർബന്ധിതരാക്കുന്നത് എന്തിനാണെന്നും രാജ്യത്താകെയുള്ള സ്റ്റാർബക്സ് ഔട്ട്‍ലെറ്റുകളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്‍റെ ഭൂരിഭാഗവും ഹലാൽ സർട്ടിഫിക്കേഷന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് ഹിന്ദുത്വ സംഘടന ട്വിറ്ററിൽ കുറിച്ചു. ഇത് അനീതിയാണെന്നും ഭക്ഷണം കഴിക്കാനുള്ള അവകാശമാണ് ഇവർ ഇല്ലാതാക്കുന്നതെന്നും കുറിപ്പിലുണ്ട്.അതേസമയം വിഷയത്തിൽ സ്റ്റാർബക്സ് പ്രതികരിച്ചിട്ടില്ല.
അടുത്തിടെ ട്രെയിനിൽ നിന്നും ലഭിച്ച ടീ ബാഗിലെ ഹലാൽ സർട്ടിഫിക്കേഷനെ ചോദ്യം ചെയ്യുന്ന യാത്രക്കാരന്‍റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാർബക്സിനെതിരേയും വിവാദം ഉയരുന്നത്.