ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം മുഹമ്മദ് ഹബീബ് (74) അന്തരിച്ചു. മറവിരോഗം, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ രോഗങ്ങള്‍ മൂലം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. 1970ൽ ഇതിഹാസം പെലെയുടെ ന്യൂയോര്‍ക്ക് കോസ്‌മോസിനെതിരെ മോഹന്‍ ബഗാന് വേണ്ടി സ്‌കോര്‍ ചെയ്തിട്ടുള്ള താരമാണ്. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡറുകളിലൊരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം ഇന്ത്യൻ പെലെ എന്നാണ് അറിയപ്പെട്ടിരുന്നത്.
1965നും 76 നും ഇടയിലാണ് ഹബീബ് ഇന്ത്യക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുള്ളത്. ഇന്ത്യൻ കുപ്പായത്തിൽ 35 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 11 ഗോളുകൾ നേടിയിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായിരുന്ന ഹബീബിനെ 1980ല്‍ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. 1970ല്‍ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ ടീമില്‍ അംഗമായിരുന്നു.
കൊല്‍ക്കത്ത ഫുട്ബോളില്‍ അദ്ദേഹം മോഹന്‍ ബഗാന് വേണ്ടിയും ഈസ്റ്റ് ബംഗാളിന് വേണ്ടിയും ഫെഡറേഷന്‍ കപ്പ് നേടിയിട്ടുണ്ട്. ഈസ്റ്റ് ബംഗാൾ കുപ്പായത്തിൽ ഐഎഫ്എ ഷീല്‍ഡും സ്വന്തമാക്കി. മുഹമ്മദന്‍സ് സ്പോര്‍ട്ടിംഗിന്‍റെ മുന്‍ പരിശീലകനാണ്. ടാറ്റാ ഫുട്ബോള്‍ അക്കാദമിയുടെ വളര്‍ച്ചയിലും നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു ഹബീബ്. ഹാല്‍ദിയയിലെ ടാറ്റാ ഫുട്ബോള്‍ അക്കാദമിയിലെ പരിശീലകനായിരുന്നു. ബംഗാള്‍ സര്‍ക്കാരിന്‍റെ ഭാരത് ഗൗരവ് പുരസ്കാരം, ബംഗ ബിഭൂഷണ്‍ പുരസ്കാരം എന്നിവ നേടി.