ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ യുഎസ് കോൺഗ്രസ് പ്രതിനിധി സംഘത്തിലെ ചിലർ താൽപര്യം പ്രകടിപ്പിച്ചതായി വിവരം. മുതിർന്ന പാർട്ടി വക്താവ് പ്രവീൺ ചക്രവർത്തിയാണ് ഇക്കാര്യം പുറത്തുവിട്ടത്. രാജ്യത്ത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുഎസ് കോൺഗ്രസ് പ്രതിനിധിസംഘത്തിലെ ചിലരാണ് ഈ ആവശ്യം ഉന്നയിച്ചത്.
പ്രതിനിധിസംഘത്തിലെ ചിലർ ദിവസങ്ങൾക്കു മുമ്പേ ബന്ധപ്പെട്ടതായും രാഹുൽ ഗാന്ധിയുമായി സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ചതായും പ്രവീൺ ചക്രവർത്തി പറഞ്ഞു. രാഹുൽ വയനാട്ടിൽ നിന്നെത്തിയാലുടൻ കൂടിക്കാഴ്ചയ്ക്കു ശ്രമിക്കുന്നതിൽ സന്തോഷമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. രാഹുലുമായി കൂടിക്കാഴ്ച നടത്താൻ ഔദ്യോഗിക അപേക്ഷ നൽകാൻ അവരോട് പാർട്ടി ആവശ്യപ്പെട്ടതായും പ്രവീൺ പറഞ്ഞു.
കൂടിക്കാഴ്ചയ്ക്കു വിദേശകാര്യ മന്ത്രാലയം അനുമതി നൽകുമോയെന്ന ചോദ്യത്തിന്, അതു വിദേശകാര്യ മന്ത്രാലയവും യുഎസ് കോൺഗ്രസ് പ്രതിനിധിസംഘവും തമ്മിലുള്ള വിഷയമാണെന്നും രാഹുലുമായി കൂടിക്കാഴ്ച ആഗ്രഹിക്കുന്നുണ്ടെങ്കിൽ വിദേശകാര്യ മന്ത്രാലയം ആശങ്കപ്പെടുന്നത് എന്തിനാണെന്ന് അറിയില്ലെന്നും പ്രവീൺ ചക്രവർത്തി പറഞ്ഞു. ഇന്ത്യൻ അമേരിക്കൻ വംശജരായ റോ ഖന്ന, താനേദാർ എന്നിവരും പ്രതിനിധി സംഘത്തിലുണ്ട്.