തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിച്ചു, നികുതി വെട്ടിപ്പ് നടത്തി, തുടങ്ങിയ സിപിഎം ആരോപണങ്ങളില്‍ അന്വേഷണം വന്നേക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ രംഗത്ത്.സർക്കാരിനെ വിമർശിച്ചാൽ വേട്ടയാടുന്ന നിലപാടാണ് നിലവിലുള്ളത്..എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് വേട്ടയാടുകയാണ്. താൻ ഭയപ്പെടുന്നില്ല.മുന്നോട്ട് വെച്ച കാൽ പിന്നോട്ട് വെക്കില്ല.ഇനിയങ്ങോട്ട് യുദ്ധം.വിജിലൻസ് കേസ് കൊണ്ട് വേട്ടയാടാമെന്ന് സർക്കാർ കരുതണ്ട.വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുമായി മുന്നോട്ട് പോകും.പൊതു സമൂഹത്തിൻ്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദം നിയമസഭക്കകത്തും പുറത്തും ശക്തമായി ഉന്നയിച്ച മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണത്തിനാണ് നീക്കം.വാർത്താ സമ്മേളനം നടത്തി ആക്ഷേപം ഉന്നയിച്ച സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയും മൂവാറ്റുപുഴയിലെ ചിലരും നൽകിയ പരാതിയിലാണ് മാത്യുവിനെ ലക്ഷ്യമിട്ടുള്ള വിജിലൻസ് അന്വേഷണ നീക്കം. അഭിഭാഷകനെന്ന നിലയിൽ മാത്യുവിന്‍റെ വരുമാനത്തിൽ സിപിഎം സംശയം ഉന്നയിച്ചിരുന്നു. 12 വർഷം കൊണ്ട് 23 കോടിയോളം രൂപ വരുമാനം ലഭിച്ചുവെന്ന കണക്കിലാണ് സംശയം. 2021 ല്‍ രാജകുമാരിയിൽ റിസോർട്ടും വസ്തുവും വാങ്ങിയതിന് കാണിച്ച കണക്കിലും ദുരൂഹത ആരോപിക്കുന്നു. 1.92 കോടി വിലയായി കാണിച്ചതിന്‍റെ അടുത്ത ദിവസം തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മൂല്യം മൂന്നരക്കോടിയെന്ന് കാണിച്ചതാണ് സിപിഎം ഉന്നയിക്കുന്നത്. സിപിഎം ആരോപണങ്ങൾക്ക് വൈകീട്ട് മാത്യു വിശദമായി മറുപടി പറയും.