യെല്ലോ നൈഫ് : തലസ്ഥാനം ഉള്‍പ്പെടെ നിരവധി കമ്മ്യൂണിറ്റികളില്‍ അനിയന്ത്രിതമായി കാട്ടുതീ പടരുന്ന നോര്‍ത്ത് വെസ്റ്റ് ടെറിറ്ററീസില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കനേഡിയന്‍ സായുധ സേനാംഗങ്ങളെ വിന്യസിച്ചു. 124 സൈനികര്‍ക്കൊപ്പം ഒരു ഹെലികോപ്റ്ററും ട്വിന്‍ ഓട്ടര്‍ വിമാനവും സൈന്യം അയയ്ക്കും.
കാട്ടുതീ ഭീഷണിയെ നൂറുകണക്കിന് ആളുകളെ വിമാനമാര്‍ഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ യെല്ലോ നൈഫ് സിറ്റി തിങ്കളാഴ്ച രാത്രി പ്രാദേശിക അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. യെല്ലോ നൈഫില്‍ നിന്ന് 306 കിലോമീറ്റര്‍ അകലെ ഹൈവേ 3 ലൂടെ ബെഹ്ചോക്കി കാട്ടുതീ ബൗണ്ടറി ക്രീക്ക് കടന്നതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സിറ്റി മാനേജര്‍ പറഞ്ഞു. നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.
യെല്ലോ നൈഫിന് സമീപം മൂന്ന് തീപിടുത്തങ്ങള്‍ സജീവമായി തുടരുന്നുണ്ട്. പ്രദേശത്തുടനീളം നിയന്ത്രണാതീതമായി നിരവധി തീ പടരുകയാണ്. അടിയന്തര പ്രഖ്യാപനം ഒഴിപ്പിക്കല്‍ അറിയിപ്പോ ഉത്തരവോ അല്ലെന്ന് മേയര്‍ റെബേക്ക ആള്‍ട്ടി അഭിപ്രായപ്പെട്ടു.
നോര്‍ത്ത് വെസ്റ്റ് ടെറിറ്ററീസിലെ ഹേ റിവര്‍, ഫോര്‍ട്ട് സ്മിത്ത് കമ്മ്യൂണിറ്റികളില്‍ ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ നല്‍കിയിട്ടുണ്ട്. സ്ഥിതി വഷളാകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ പ്രാദേശിക ഹൈവേകളില്‍ വാഹനമോടിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. കൂടാതെ ജനങ്ങള്‍ പ്രാദേശിക വിമാനത്താവളത്തിലേക്ക് ഉടന്‍ പോകണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
നോര്‍ത്ത് വെസ്റ്റ് ടെറിറ്ററീസില്‍ നിലവില്‍ 230-ലധികം കാട്ടുതീകള്‍ സജീവമാണ്, കൂടാതെ അഞ്ച് കമ്മ്യൂണിറ്റികളെ ഒഴിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 21,000 ചതുരശ്ര കിലോമീറ്ററിലധികം കത്തിനശിച്ചു.
അതേസമയം ബ്രിട്ടിഷ് കൊളംബിയയിലെ ഒകനാഗന് സമീപം തിങ്കളാഴ്ച രാത്രി ആരംഭിച്ച കാട്ടുതീ നിയന്ത്രണവിധേയമാക്കി. അതിവേഗം പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ മൂന്ന് ഹെക്ടറോളം പ്രദേശം കത്തി നശിച്ചിരുന്നു. വൈകിട്ട് ഏഴുമണിയോടെയാണ് ഹാമില്‍ട്ടണ്‍ ഹില്ലിലെ മെറിറ്റിന് സമീപമുള്ള ഹൈവേ 97 സിയില്‍ തീപിടിത്തം കണ്ടെത്തിയത്.
ശേഷിക്കുന്ന ഹോട്ട്സ്പോട്ടുകള്‍ ചൊവ്വാഴ്ച രാവിലെ നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്നും വൈല്‍ഡ്ഫയര്‍ സര്‍വീസ് അറിയിച്ചു. തുടക്കത്തില്‍ രണ്ട് സംഘങ്ങളെ അയച്ചതായി കംലൂപ്‌സ് ഫയര്‍ സെന്റര്‍ അറിയിച്ചു. മെറിറ്റ് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റും തീ നിയന്ത്രണവിധേയമാക്കാന്‍ സഹായിച്ചിരുന്നു.
പ്രവിശ്യയുടെ ചില ഭാഗങ്ങളില്‍ ചൂട് തരംഗം അവസാനിച്ചുകഴിഞ്ഞാല്‍ അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്ന് കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു. പ്രവിശ്യയില്‍ നിലവില്‍ 377 കാട്ടുതീകള്‍ സജീവമായി തുടരുന്നുണ്ട്.