തിരുവനന്തപുരം: മാത്യു കുഴല്‍നാടന്റെ സമ്പത്തിന്റെ സ്രോതസ് വെളിപ്പെടുത്തണമെന്ന് മന്ത്രി സജി ചെറിയാന്. ചുരുങ്ങിയ കാലം കൊണ്ട് മാത്യു കുഴല്നാടന് എംഎല്‍എ ഇത്രയധികം പണം എവിടെ നിന്നാണ് സമ്പാദിച്ചതെന്ന് സജി ചെറിയാന് ചോദിച്ചു. നിയമസഭാംഗത്വം സ്വീകരിക്കുമ്പോള്‍ നല്കിയ സത്യവാങ്മൂലം കാണിക്കണം. കോടികളുടെ സ്വത്ത് എവിടെ നിന്നുണ്ടായി. സുപ്രീംകോടതി വക്കീലിന് പോലും ഇത്രയും വരുമാനം ഇല്ലല്ലോയെന്ന് സജി ചെറിയാന് ചോദിച്ചു.
അനാവശ്യമായ മാര്‍ഗത്തിലൂടെ പണമുണ്ടാക്കിയ ആള് നിയമപരമായി ബിസിനസ്സ് ചെയ്യുന്നവരെ അധിക്ഷേപിക്കരുതെന്നും സജി ചെറിയാന് പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ വീണാ ജോര്‍ജുമായി ബന്ധപ്പെട്ട വിവാദങ്ങളെ പ്രതിരോധിച്ചായിരുന്നു സജി ചെറിയാന്റെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ മകള്‍ ബാങ്ക് വഴിയാണ് പണം സ്വീകരിച്ചത്. അതില്‍ തെറ്റില്ലെന്നും മന്ത്രി വിശദീകരിച്ചു.
മാത്യു കുഴല്നാടന് ചിന്നക്കനാലില്‍ ഭൂമി വാങ്ങിയതില്‍ നികുതി വെട്ടിപ്പ് നടത്തിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നും കഴിഞ്ഞ ദിവസം സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയാണ് ആരോപണം ഉയര്‍ത്തിയത്. 2021 മാര്‍ച്ച് 18ന് രജിസ്റ്റര്‍ ചെയ്ത ആധാരത്തില്‍ 1.92 കോടി രൂപയാണ് വില കാണിച്ചത്. പിറ്റേ ദിവസം നല്കിയ തിരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തില്‍ കാണിച്ച വില 3.5 കോടി രൂപയാണ്. ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന് ഫീസും വെട്ടിച്ചു. ശരിയായ നിലയിലല്ലാതെ അദ്ദേഹത്തിന് പണം കിട്ടുന്നുണ്ട്. സര്‍ക്കാരിനും വിജിലന്‍സിനും പരാതി നല്‍കിയിട്ടുണ്ട്. മൂവാറ്റുപുഴയില്‍ മണ്ഡലത്തില്‍ നിന്നുള്ളവര്‍ പരാതി കൊടുത്തിട്ടുണ്ടെന്നും വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം. മുഖ്യമന്ത്രിയുടെ മകള്‍ക്ക് എതിരെ ആക്ഷേപം ഉന്നയിച്ചതുകൊണ്ടല്ല ഇപ്പോള്‍ ഈ വിഷയം ഉന്നയിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റിനെ ഒഴികെ എല്ലാവര്‍ക്കെതിരെയും ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുള്ള ആളാണ് മാത്യു കുഴല്നാടന്. അതുകൊണ്ട് പുതിയ ആക്ഷേപത്തിനുള്ള മറുപടിയല്ല പരാതിയെന്നും സി എന്‍ മോഹനന് പറഞ്ഞിരുന്നു.