ലണ്ടൻ: ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തുകയും ആറുപേർക്കെതിരെ വധശ്രമവും നടത്തിയ സംഭവത്തിൽ ബ്രിട്ടിഷ് നഴ്സ് കുറ്റക്കാരിയെന്നു കോടതി. 33കാരിയായ ലൂസി ലെറ്റ്ബിയെയാണ് കോടതി കുറ്റക്കാരിയായി കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബറിലാണ് ലൂസിക്കെതിരെ പരാതികൾ എത്തിയത്.
കൂടുതല്‍ പാൽ നൽകിയോ ഇൻസുലിൻ കുത്തിവച്ചോ ആണ് ലൂസി നവജാത ശിശുക്കളെ കൊന്നത്. 22 ദിവസത്തെ വിചാരണയ്ക്കൊടുവിലാണ് മാഞ്ചസ്റ്റർ കോടതി യുവതി കുറ്റക്കാരിയാണെന്നു കണ്ടെത്തിയത്. വടക്കു പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ചെസ്റ്റർ ആശുപത്രിയില്‍ ജൂൺ 2015നും ജൂൺ 2016നും ഇടയ്ക്കാണ് കൊലപാതകങ്ങൾ നടന്നത്.
യാതൊരുവിധത്തിലുള്ള തെളിവുകളും അവശേഷിപ്പിക്കാതെ അതിസമർഥമായാണ് ലൂസി കൊലപാതകങ്ങൾ നടത്തിയതെന്ന് കോടതി വിലയിരുത്തി. ‘‘സമർഥയായ കൊലയാളി’’ എന്നാണ് ലൂസിയെ കോടതി വിശേഷിപ്പിച്ചത്. കുട്ടികളെ ഒരുതരത്തിലും ഉപദ്രവിച്ചിട്ടില്ലെന്നാണ് ചോദ്യംചെയ്യലിലെല്ലാം ലൂസി ആവർത്തിച്ചത്.
‘‘അനാരോഗ്യമുള്ള കുട്ടികളെ ശുശ്രൂഷിക്കാൻ ലൂസി ലെറ്റ്ബിയെ ആശുപത്രി ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ തങ്ങൾക്കൊപ്പം ഒരു കൊലപാതകിയുണ്ടെന്ന് കൂടെയുള്ളവർക്ക് ഒരിക്കലും മനസ്സിലായിരുന്നില്ല. കുട്ടികൾക്കും അവരുടെ കുടുംബത്തിനും ആശ്വാസമാകേണ്ട സമയത്ത് അവർ കുഞ്ഞുങ്ങളെ നിരന്തരം ഉപദ്രവിച്ചു.’’– കോടതി വിലയിരുത്തി.