Sunday, November 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകുഴല്‍നാടനെ വേട്ടയാടിയാല്‍ കയ്യുംകെട്ടി നിൽക്കില്ല'; കെ സുധാകരന്‍

കുഴല്‍നാടനെ വേട്ടയാടിയാല്‍ കയ്യുംകെട്ടി നിൽക്കില്ല’; കെ സുധാകരന്‍

തിരുവനന്തപുരം: മാത്യു കുഴല്‍നാടനെ വേട്ടയാടിയാല്‍ കോണ്‍ഗ്രസ് കയ്യും കെട്ടിനിൽക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോടികള്‍ കുമിഞ്ഞു കൂടുന്ന മുഖ്യമന്ത്രിയുടെ ഇടപാടുകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ദിനംപ്രതി പുറത്തുവന്നിട്ടും അതിനോടൊന്നും പ്രതികരിക്കാത്ത മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചവരെ വേട്ടയാടുകയാണെന്നും കെ സുധാകരന്‍ ആരോപിച്ചു.

‘മുഖ്യമന്ത്രിയുടെ മകളുടെ ഇടപാടുകളും സാമ്പത്തിക തിരിമറികളും മാത്യു കുഴല്‍നാടന്‍ എംഎല്‍എ കേരളീയ സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടിയതിന്റെ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണ് സിപിഐഎമ്മും ആഭ്യന്തര വകുപ്പും. സിപിഐഎം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്കിയെന്നു മാത്രമല്ല, തന്റെ വരുമാനവും സ്വത്തുക്കളും ജനങ്ങളുടെ മുന്നില്‍ പരിശോധിക്കാമെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുള്ളതുമാണ്. എന്നിട്ടും മാത്യുവിനെ വ്യക്തിഹത്യ നടത്തിയും കേസെടുത്തും ഇല്ലായ്മ ചെയ്യാമെന്നാണ് കരുതുന്നതെങ്കില്‍ മാത്യു കുഴല്‍നാടന്‍ ഒറ്റക്കല്ലെന്ന യാഥാര്‍ത്ഥ്യം സിപിഐഎം തിരിച്ചറിയണം’, സുധാകരൻ കൂട്ടിച്ചേർത്തു. മാത്യു കുഴല്‍നാടനെ വേട്ടയാടാന്‍ സര്‍ക്കാരും ആഭ്യന്തരവകുപ്പും സിപിഐഎമ്മും ഇറങ്ങിത്തിരിച്ചാല്‍ അതേ നാണയത്തില്‍ കോണ്‍ഗ്രസിന്റെ കരുത്തും പ്രതിഷേധാഗ്നിയുടെ ചൂടും സിപിഐഎമ്മും സര്‍ക്കാരും അറിയാന്‍ പോകുന്നതേയുള്ളൂവെന്നും കെ സുധാകരൻ മുന്നറിയിപ്പ് നൽകി.

മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും സ്വത്തുക്കള്‍ ഇത്തരമൊരു പരിശോധനയ്ക്ക് വിധേയമാക്കാമോയെന്ന മാത്യു കുഴല്‍നാടന്റെ വെല്ലുവിളി ഉയര്‍ന്നത് കാണാന്‍ മുഖ്യമന്ത്രിക്ക് കണ്ണുകളില്ല. കേള്‍ക്കാന്‍ ചെവികളില്ല. ആരോപണം ഉന്നയിക്കുന്നവരെ വേട്ടയാടാന്‍ മുഖ്യമന്ത്രി അങ്ങേയറ്റം ഉത്സാഹഭരിതനുമാണ്. മോദിയെപ്പോലെ പിണറായി വിജയനും ചോദ്യങ്ങളെ ഭയമാണ്. ഇരുവരും തമ്മിലുള്ള സൗഹൃദം പോലെ രണ്ടുപേരുടെയും സ്വഭാവത്തിലും പ്രവര്‍ത്തിയിലും നിരവധി സാമ്യതകളുണ്ട്. രാജ്യത്തെ പ്രമുഖരായ പ്രതിപക്ഷനേതാക്കളെയെല്ലാം കേന്ദ്രഏജന്‍സികള്‍ വേട്ടയാടിയിട്ടും പിണറായിക്കെതിരേ പെറ്റിക്കേസ് പോലും ഇതുവരെ എടുത്തിട്ടില്ല.

മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ മാത്രം നിരത്തി എഴുതിയാല്‍ ഒരു നോട്ട് ബുക്ക് തികയാതെ വരും. നാണം കെട്ടും അധികാരത്തില്‍ കടിച്ച് തൂങ്ങാതെ രാജിവെച്ചു പോകാനുള്ള തന്റേടവും നട്ടെല്ലും മുഖ്യമന്ത്രിക്കുണ്ടോയെന്ന് സുധാകരന്‍ ചോദിച്ചു. മുഖ്യമന്ത്രിക്കും സിപിഎമ്മിനും ജനാധിപത്യ സംവിധാനങ്ങളിലെ എല്ലാ മര്യാദകളോടും പരമ പുച്ഛമാണ്. എന്തു നെറികേടിലൂടെയും പണം ഉണ്ടാക്കണമെന്ന അത്യാര്‍ത്തി മാത്രമാണ് സിപിഐഎം നേതൃത്വത്തിനുള്ളത്. മുന്‍ ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ വെളിപ്പെടുത്തിയ സത്യങ്ങളിലൂടെ മുഖ്യമന്ത്രിയുടെ ദ്രവ്യാസക്തി കേരളീയ സമൂഹത്തിന് ബോധ്യപ്പെട്ടതാണ്. കിടപ്പാടമില്ലാത്ത പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ലൈഫ് മിഷന്‍ പദ്ധതിയില്‍പ്പോലും കൈയിട്ടുവാരിയവരാണ് മുഖ്യമന്ത്രിയും ഇടതു സര്‍ക്കാരും.

മുഖ്യമന്ത്രിക്ക് വേണ്ടി ഒരുകാലത്ത് സ്വര്‍ണ്ണക്കടത്തും ഡോളര്‍ക്കടത്തും ഉള്‍പ്പെടെയുള്ള എല്ലാ കൊള്ളരുതായ്മകള്‍ക്കും കൂട്ടുനിന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ജയിലില്‍ കിടക്കുന്നത് പിണറായി വിജയന്റെ പകരക്കാരനായാണ്. കേരളത്തില്‍ അധികാരവും കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായി ചങ്ങാത്തവുമില്ലായിരുന്നില്ലെങ്കില്‍ പിണറായി വിജയന്‍ എന്നേ കമ്പിയഴി എണ്ണുമായിരുന്നു. അഴിമതിയുടെ കറപുരണ്ട എഐ ക്യാമറ, കെ ഫോണ്‍, കൊവിഡ് കാലത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മറവില്‍ നടത്തിയ പര്‍ച്ചേഴ്‌സ് കൊള്ള ഉള്‍പ്പടെയുള്ളവയില്‍ കോടികളുടെ ഇടപടാണ് പിണറായി വിജയനും കൂട്ടരും നടത്തിയത്. കൈതോലപ്പായിലും മാസപ്പടിയായും വാര്‍ഷികപ്പടിയായും കോടികള്‍ ഒഴുകിയെത്തിയതിന്റെ കണക്കിന് മുഖ്യമന്ത്രി സമാധാനം പറയേണ്ടി വരുമെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments