ദോഹ: വേനലവധി കഴിഞ്ഞ് ആഗസ്റ്റ് 27ന് ഖത്തറിലെ മുഴുവൻ വിദ്യാലയങ്ങളിലും ക്ലാസുകൾ തുടങ്ങുമെന്ന് ഉന്നത വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു. ഖത്തർ സർക്കാർ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷവും, ഇന്ത്യൻ സ്‌കൂളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഒന്നാം പാദം പൂർത്തിയാക്കിയ ശേഷവുമാണ് ക്ലാസുകൾ വീണ്ടും സജീവമാകുന്നത്.
കിൻഡർ ഗാർഡനുകളിലും സ്‌കൂളുകളിലും ഉൾപ്പെടെ 1.32 ലക്ഷം വിദ്യാർഥികളാണ് പുതു അധ്യയന വർഷത്തിൽ സ്‌കൂളിലെത്തുന്നത്. 279 സ്‌കൂളുകളാണ് ആകെയുള്ളത്. ഇവയിൽ 214 സ്‌കൂളുകളിലായി 1.24 ലക്ഷം കുട്ടികൾ 27ന് ഞായറാഴ്ച ക്ലാസുകളിലെത്തും. 65 കിൻഡർ ഗാർഡനുകളിലായി 7,936 പേരും ആഗസ്റ്റ് അവസാനത്തിൽ ക്ലാസുകളിലെത്തും.
സ്‌കൂൾ അധ്യാപകരും, ജീവനക്കാരും ഉൾപ്പെടെയുള്ളവർ ഈ മാസം 20 ഓടെ തന്നെ സജീവമാകും. ഇന്ത്യൻ സ്‌കൂളുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ അധ്യാപകരെത്തിയിട്ടുണ്ട്. വേനലവധി കഴിഞ്ഞ് സ്‌കൂളുകൾ തുറന്ന് കുട്ടികളെത്തും മുമ്പായി സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാണ് അധ്യാപകരും ജീവനക്കാരും നേരത്തെ എത്തുന്നത്. വിവിധ സ്‌കൂളുകളിൽ അധ്യാപകർക്കായി ഓറിയന്റേഷൻ ക്യാമ്പുകളും പരിശീലന പരിപാടികളും സജീവമാണ്.